Your Image Description Your Image Description

നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ നൽകുന്നത്. നഴ്‌സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ഇവർക്ക് 10 വർഷത്തെ വിസക്ക് ആണ് അനുമതി ലഭിക്കുന്നത്. മേയ് 12ന് നടന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ആരോ​ഗ്യ സംരക്ഷണ സംവിധാനത്തിൽ നഴ്സിങ് ജീവനക്കാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും ആരോ​ഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളാണാവരെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും പ്രശംസിക്കുന്നു. ദുബൈ അവരുടെ മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയുമാണ്​ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ദുബായ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി ശൈഖ്​ ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സംരംഭകർ, കേഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *