Your Image Description Your Image Description

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റാ അവതരിപ്പിക്കുന്ന റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഈ മാസം ഇന്ത്യയിലെത്തും. ഗ്ലാസുകള്‍ ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മെയ് 19 മുതല്‍ Ray-Ban.com-ലും പ്രമുഖ ഒപ്റ്റിക്കല്‍- സണ്‍ഗ്ലാസ് സ്റ്റോറുകളിലും ഇവ ലഭ്യമാകും. വിവിധ സ്‌റ്റൈലുകളില്‍ ലഭ്യമായ സ്മാര്‍ട്ട് ഗ്ലാസുകളുടെ വില 29,900 രൂപ മുതല്‍ 35,700 രൂപ വരെയാണെന്നാണ് പുറത്തുവരുന്ന വിവരം. മെറ്റാ AI അസിസ്റ്റന്റ് സംയോജിപ്പിച്ചതാണ് ഗ്ലാസുകള്‍.

മറ്റുഭാഷകളില്‍ സംസാരിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്നത് അടക്കമുള്ള ഞെട്ടിക്കുന്ന ഫീച്ചറുകളാണ് ഇതിലുള്ളത്. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ നിരവധി സവിശേഷതകളുള്ള സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.

വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം.

എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സംഗീതം, പോഡ്കാസ്റ്റുകള്‍ എന്നിവ കേള്‍ക്കുവാനും ഫോണ്‍ വിളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഫ്രെയിമുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇവയില്‍ മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ടതാണിത്.

ഫോട്ടോകളും വീഡിയോകളും എടുക്കുക, കോള്‍ ചെയ്യുക, സന്ദേശങ്ങള്‍ അയയ്ക്കുക, നിര്‍ദേശം നല്‍കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ജോലികള്‍ ‘ഹായ് മെറ്റ’ വോയിസ് കമാന്‍ഡ് മാത്രം ഉപയോഗിച്ച് ചെയ്യാം. മെറ്റാ എഐയുമായി സംവദിക്കാനും ഇത്തരത്തില്‍ അനായാസം സാധിക്കും.

മറ്റുഭാഷകളില്‍നിന്ന് തത്സമയ വിവര്‍ത്തനം നടത്താനുള്ള കഴിവ് ഒരു പ്രധാന സവിശേഷതയാണെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാള്‍ പറയുന്നത് വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ‘Hey Meta, start live translation’ എന്ന നിര്‍ദേശം നല്‍കിയാല്‍ മാത്രം മതിയാകും. അത് പിന്നീട് ഗ്ലാസിന്റെ ഫ്രെയിമില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കേള്‍ക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *