Your Image Description Your Image Description

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ചട്ടവിരുദ്ധമായി സര്‍വീസ് റെഗുലറൈസ് ചെയ്ത് പ്രൊബേഷന്‍ പ്രഖ്യാപിച്ച അഞ്ചു സൂപ്പര്‍ ന്യൂമററി ജീവനക്കാരുടെ സ്ഥിര നിയമനം റദ്ദാക്കുകയും ക്രമക്കേടിന് ചുക്കാന്‍ പിടിച്ച ജീവനക്കാരനെ സസ്പെന്‍ഡു ചെയ്യുകയും ചെയ്തു. പക്ഷേ, സമാന രീതിയില്‍ സ്ഥിര നിയമനം ലഭിച്ച 85-ഓളം അധ്യാപകര്‍ ഇപ്പോഴും സര്‍വീസിലുണ്ട് എന്നും കണ്ടെത്തി. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അറിയുന്നു. നിയമനം കാത്ത് നൂറുകണക്കിന് പി.എസ്.സി റാങ്ക്ഹോള്‍ഡര്‍മാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ തട്ടിപ്പ്.

ഇത്തരത്തില്‍ സ്ഥിര നിയമനം കിട്ടിയ ചിലർ 2020-ല്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഫയല്‍ ചെയ്ത ഒറിജിനല്‍ പെറ്റീഷനു മറുപടി ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച വിഷയം പൊതുവിദ്യാഭ്യാസ വകുപ്പില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് സൂപ്പര്‍ ന്യൂമററി ജീവനക്കാരെ റെഗുലര്‍ വേക്കന്‍സിയില്‍ നിയമിക്കുകയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സീനിയോറിറ്റി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും വ്യക്തമായത്. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഏത് സാഹചര്യത്തിലാണ് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പോസ്റ്റ് ചെയ്യേണ്ടിയിരുന്നവരെ ചട്ടം ലംഘിച്ച് റെഗുലര്‍ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഇടുക്കി ഉപവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയോറിറ്റി സെക്ഷന്‍ സൂപ്രണ്ടും ക്ലാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാരും ഇതുസംബന്ധിച്ച ഫയലുകളും റിപ്പോര്‍ട്ടുകളുമായി സെക്രട്ടേറിയറ്റിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. അംഗപരിമിതരായ ക്ലാര്‍ക്കുമാരെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിക്കാനുള്ള ഉത്തരവനുസരിച്ച് അഞ്ചു പേരെ ക്ലാര്‍ക്കുമാരായി നിയമിച്ചെന്നും നിയമന ഫയല്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉത്തരവു പ്രകാരം ഒരു ജീവനക്കാരി ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ സീനിയോറിറ്റി പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും മറ്റ് നാലുപേരുടെ സര്‍വീസ് കാര്‍ഡുകള്‍ക്ക് സീനിയോറിറ്റിക്കും പ്രൊബേഷനും അര്‍ഹത ഇല്ലെന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. അതിനെതിരെ അവര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *