Your Image Description Your Image Description

ഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല. അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സായുധസേനകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇന്ത്യ ഇത്രയും വലിയ നടപടികള്‍ സ്വീകരിക്കുമെന്ന് ഭീകരര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരരുടെ കെട്ടിടങ്ങള്‍ മാത്രമല്ല, അവരുടെ ധൈര്യം കൂടിയാണ് തകര്‍ന്നത്.

അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നു. പക്ഷേ, ഇന്ത്യ പാകിസ്ഥാന്റെ നെഞ്ചില്‍ തന്നെ ആക്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറും ഒരു പേരല്ല. ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നീതിയുടെ തകരാത്ത പ്രതിജ്ഞയാണ്. മെയ് ആറാം തീയതി അര്‍ധരാത്രിയും മെയ് ഏഴാം തീയതി രാവിലെയും ഈ പ്രതിജ്ഞ അതിന്റെ ഫലത്തിലെത്തുന്നത് ലോകംമുഴുവന്‍ കണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാന്‍ സൈന്യവും പാകിസ്ഥാാന്‍ സര്‍ക്കാരും ഭീകരവാദത്തെ വളര്‍ത്താന്‍ സഹായിക്കുന്ന രീതി ഒരു ദിവസം പാകിസ്ഥാനെ തന്നെ അവസാനിപ്പിക്കും. പാകിസ്ഥാന് രക്ഷപ്പെടണമെങ്കില്‍ അവര്‍ ഭീകരവാദത്തിന് നല്‍കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതാക്കണം. കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാരചടങ്ങുകളില്‍ പാകിസ്ഥാന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തപ്പോള്‍ ആ വൃത്തികെട്ട സത്യം ലോകം കണ്ടു. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിന് ഇതിലും വലിയ തെളിവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *