Your Image Description Your Image Description

തൃശ്ശൂർ: കൂടുതലാളുകളിൽ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഏറെ ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലവധി തീർന്നതോടെ മൂന്നുമാസം കൊണ്ട് വിലക്കുറവുള്ള 140-ലധികം പുതിയ ബ്രാൻഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇനിയും ഏറെ കമ്പനികൾ ജനറിക് ബ്രാൻഡുകളുടെ ഉത്‌പാദനം തുടങ്ങുമെന്ന സൂചനയുമുണ്ട്.

എംപാഗ്ലിഫ്ലോസിൻ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശം ജർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിക്കായിരുന്നു. അതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നത്. പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പല കമ്പനികളും രംഗത്തുവന്നിരുന്നു. ഗുളികയൊന്നിന് 60 മുതൽ 70 രൂപ വരെ വിലയുണ്ടായിരുന്ന മരുന്ന് പരമാവധി 10-15 രൂപ എന്ന നിലയിൽ വിലകുറഞ്ഞായിരിക്കും വിപണിയിലെത്തുകയെന്നും വ്യക്തമായിരുന്നു. രണ്ടുമാസം കൊണ്ട് 37 കമ്പനികളുടെ 147 ബ്രാൻഡ് മരുന്നുകൾ വിൽപ്പനക്കെത്തിയെന്ന് മൊത്തവ്യാപാരസംഘടനയുടെ രേഖകൾ വ്യക്തമാക്കുന്നു.

കൂടുതൽ ബ്രാൻഡുകളുടെ കടന്നുവരവോടെ എംപ്ലാഗ്ലിഫ്ലോസിൻ മരുന്നുകളുടെ വിറ്റുവരവിൽ വലിയ വളർച്ചയാണുണ്ടായത്. പേറ്റന്റ് കാലാവധി തീർന്നതിനാൽ മരുന്നിനെ വില നിയന്ത്രണത്തിലുൾപ്പെടുത്തിയിട്ടുണ്ട്. എംപാഗ്ലിഫ്ലോസിൻ ചേർന്ന 34 പുതിയ മരുന്നിനങ്ങളെയാണ് ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം വന്നതോടെ സർക്കാർ നിശ്ചയിക്കാതെ ഈ മരുന്നിന് വില കൂട്ടാൻ സാധിക്കില്ല, അതിനാൽ വരുംമാസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ കൂടി നിയന്ത്രണത്തിലാകും. നേരത്തേ പേറ്റന്റ് കാലാവധി തീർന്ന ലിനാഗ്ലിപ്റ്റിൻ, സിതാഗ്ലിപ്റ്റിൻ തുടങ്ങിയ മരുന്നുകളുടെ വിവിധ ബ്രാൻഡുകളുടെ വിലയും പുതിയ ഉത്തരവിലൂടെ നിയന്ത്രിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *