Your Image Description Your Image Description

പണ്ട് കാലം മുതൽക്കേ മെഹന്തി ഇടുക എന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. പണ്ടൊക്കെ എല്ലാ വീടുകളിലും മെഹന്തി ചെടികളുണ്ട്. അതിൽ നിന്നും ഇല പറിച്ചെടുത്ത് കല്ലിൽ വച്ച് അരച്ച് കുഴമ്പ് പരുവത്തിലാക്കിയാണ് സ്ത്രീകളും പെൺകുട്ടികളും ഒക്കെ കയ്യിൽ അണിഞ്ഞിരുന്നത്. ഇന്നിപ്പോൾ അങ്ങനെയല്ല, മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന ചെറിയ ട്യൂബ് ഉപയോഗിച്ചാണ് കൈകളിൽ നാം മെഹന്തി ഇടാറ്. എന്നാൽ, ഹിമാചൽപ്രദേശിൽ നിന്നുമുള്ള ഒരു വീഡിയോ വളരെ വൈറലായിരിക്കുകയാണ്. വേണമെങ്കിൽ കല്ലുകൊണ്ടും മെഹന്തി ഇടാമെന്ന് തെളിയിക്കുകയാണ് ഒരു യുവതി ഈ വിഡിയോയിൽ.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി കല്ലുകൊണ്ട് നിർമ്മിച്ച മെഹന്തി എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവർ തന്റെ ചെറുപ്പത്തിൽ സഹോദരിമാരോടൊപ്പം മെഹന്തി തയ്യാറാക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ഒപ്പം തൻറെ സമീപത്തായുള്ള കല്ലിലെ ഉണങ്ങിയ പായൽ പോലെ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കൾ കാണിച്ചുകൊണ്ട് ഇത് പഹാഡി മെഹന്തിയാണ് എന്ന് പറയുന്നു. തുടർന്ന് അവർ മറ്റൊരു ചെറിയ കല്ല് കൊണ്ട് തന്റെ കയ്യിലേക്ക് അത് തട്ടി ഇടുന്നു. ശേഷം രണ്ടു തുള്ളി വെള്ളം ഒഴിച്ച് അത് നന്നായി അരയ്ക്കുന്നു. തുടർന്ന് അത് ചെറിയൊരു കമ്പ് ഉപയോഗിച്ച് മെഹന്തിയായി തൻറെ കയ്യിൽ ഇടുന്നു. അല്പസമയത്തിനുശേഷം അരുവിയിൽ നിന്നും കൈകഴുകി അവർ തന്റെ കൈ ക്യാമറയിൽ പ്രദർശിപ്പിക്കുന്നു. വളരെ മനോഹരമായ രീതിയിൽ അവരുടെ കയ്യിൽ മെഹന്തി അപ്പോൾ തെളിഞ്ഞു കാണാമായിരുന്നു.

മെയ് ആറിനാണ് യുവതി ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം എട്ട് ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ തങ്ങൾ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയെന്നും, എന്നാൽ, മറ്റു ചിലർ ഇതൊരു പുതിയ അറിവാണെന്നും വീഡിയോയ്ക്ക് താഴെ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *