Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം, കാവ്യാത്മകമായി പറഞ്ഞാൽ സൂര്യ​ന്റെ മുട്ട. അതാണ് ജപ്പാന്‍റെ അപൂർവ്വയിനം മാങ്ങയായ മിയാസാക്കി. ഇത് വെറുമൊരു മാമ്പഴമല്ല, ജപ്പാ​ന്റെ ഒരു ആഡംബര വസ്തുവാണ്. അതിനാൽത്തന്നെ ഇത് ഭൂമിയിലെ ഏറ്റവും വിലയേറിയ മാമ്പഴമാണ്. നിറം കൊണ്ടും രൂപം കൊണ്ടും ഏറെ ആകർഷണീയമാണ് ഈ മാമ്പഴം. കടും ചുവപ്പു നിറത്തിൽ കാണപ്പെടുന്ന ഈ മാമ്പഴം ഏറെ രുചികരവും മധുരമുള്ളതുമാണ്.

മാമ്പഴമാണെന്ന് കരുതി ഇതിനെ ആരും വിലകുറച്ചു കാണരുത്, ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറിൽ സൂക്ഷ്മതയോടെ വളർത്തുന്ന ഒരു ആഡംബര വസ്തുവാണിത്. മാവ് പൂക്കുന്ന കാലം മുതൽ അതീവ ശ്രദ്ധയോടെയാണ് ഇതിന്‍റെ പരിചരണം ആരംഭിക്കുന്നത്. പരാഗണം പ്രകൃതിക്ക് വിട്ടുകൊടുക്കാതെ കർഷകർ കൈ കൊണ്ടാണ് ചെയ്യുന്നത്. ഉണ്ണി മാങ്ങകൾ ഉണ്ടായി തുടങ്ങിയാൽ കീടങ്ങളിൽ നിന്നും പൊടിയിൽ നിന്നും പ്രത്യേകം സംരക്ഷിച്ച് പരിപാലിക്കുന്നു. പൂർണ്ണമായി പാകമാകുന്നത് വരെ കൃത്യമായ അളവിൽ സൂര്യപ്രകാശം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു.

ഈ അതിസൂക്ഷ്മ കൃഷി രീതിയാണ് മിയാസാക്കി മാങ്ങയ്ക്ക് അതിന്‍റെ സിഗ്നേച്ചർ ലുക്കും അസാധാരണമായ രുചിയും നൽകുന്നത്. ആന്‍റിഓക്‌സിഡന്‍റുകൾ, ഡയറ്ററി ഫൈബർ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ ഈ മാമ്പഴത്തിന് 15 -ൽ കൂടുതൽ ബ്രിക്‌സ് സ്കോർ (മധുരത്തിന്‍റെ അളവ്) ഉണ്ട്. രുചിയിലും ഘടനയിലും ഇത് മറ്റ് മാമ്പഴങ്ങളേക്കാൾ വളരെ മികച്ചതാണ് ഇവ. ജപ്പാനില്‍ നടന്ന ഒരു ലേലത്തിൽ, ഒരു ജോഡി മിയാസാക്കി മാമ്പഴത്തിന് 2.7 ലക്ഷം രൂപ (ഏകദേശം $3,000) വിലയ്ക്കാണ് വിറ്റ് പോയത്.

കൃഷിയിൽ അതീവ സൂക്ഷ്മത പാലിക്കേണ്ടത് കൊണ്ടുതന്നെ ഈ മാമ്പഴം കൃഷി ചെയ്യുന്നതും വളരെ കുറവാണ്. ജപ്പാനിലെ മാമ്പഴമാണ് മിയാസാക്കിയെങ്കിലും ഇപ്പോൾ ജപ്പാന് പുറത്തും ഈ മാമ്പഴം സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. 2021-ൽ, ബീഹാറിൽ നിന്നുള്ള കർഷകനായ സുരേന്ദ്ര സിംഗ്, ഇന്ത്യയിൽ മിയാസാക്കി മാമ്പഴം വിജയകരമായി കൃഷി ചെയ്ത് കൊണ്ട് വാർത്തകളിൽ ഇടം നേടി. ജപ്പാനിൽ നിന്ന് രണ്ട് തൈകൾ ഇറക്കുമതി ചെയ്ത ശേഷം, ആദ്യ സീസണിൽ തന്നെ 21 മാമ്പഴങ്ങൾ വിളവെടുക്കാൻ സിംഗിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *