Your Image Description Your Image Description

ആലപ്പുഴയില്‍ ഡാം ഇല്ല, പക്ഷേ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വന്നാല്‍ ഇടുക്കി ഡാമിലൂടെ സഞ്ചരിക്കാം, കാഴ്ചകള്‍ കാണാം, ബോട്ട് യാത്ര നടത്താം… ഇടുക്കിയില്‍ പോകാതെ ഇടുക്കി അണക്കെട്ട് കാണാന്‍ അവസരമൊരുക്കുകയാണ് മേളയിലെ കെഎസ്ഇബി സ്റ്റാള്‍.

വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് കാഴ്ച്ചകള്‍ കാണാന്‍ അവസരമുള്ളത്. കുറവന്‍ കുറത്തി മലകള്‍ക്കിടയില്‍ പെരിയാറിനു കുറുകെ 555 അടി ഉയരത്തില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ മുകള്‍ഭാഗം മുതല്‍ അണക്കെട്ട്, വൃഷ്ടി പ്രദേശം, ജലവൈദ്യുത പദ്ധതി തുടങ്ങിയവ കണ്ടും കെട്ടും മനസ്സിലാക്കാം. നാല് മിനിറ്റ് നീണ്ട വീഡിയോയും ഒപ്പം സ്ഥലങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞുനല്‍കാന്‍ ഓഡിയോ സഹായവുമുണ്ട്. ഡാമിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വീഡിയോയില്‍ സാധാരണക്കാര്‍ക്ക് നേരിട്ട് പ്രവേശനമില്ലാത്ത ജനറേറ്റര്‍ റൂം, കണ്‍ട്രോള്‍ റൂം എന്നിവയും ബോട്ട് യാത്ര, ചെറുതോണി അണക്കെട്ട്, മൂലമറ്റം വൈദ്യുതി നിലയം തുടങ്ങിയവയുമെല്ലാം തൊട്ടടുത്ത് കാണാം. അണക്കെട്ടുകളെ കുറച്ച് ജനങ്ങള്‍ക്കുള്ള കൗതുകം കണക്കിലെടുത്താണ് കെഎസ്ഇബി ഇത്തരമൊരു വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാളില്‍ സജീകരിച്ചിരിക്കുന്നത്. കെഎസ്ഇബി സ്വന്തമായി തയ്യാറാക്കിയ വീഡിയോയാണ് വി ആറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *