Your Image Description Your Image Description

കോഴിക്കോട് : കേരളം വികസനത്തിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുകയാണെന്നും എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തിയുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൂണേരിയില്‍ നിര്‍മിച്ച ഗവ. ഐടിഐ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പോലീസ്, എക്സൈസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഉള്ളവരെ നേരിട്ട് നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചതിലൂടെ ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. തൊഴിലധിഷ്ഠിത കോഴ്‌സുകളും വിദേശ വിദ്യാഭ്യാസ സാധ്യതകളും ഇവരിലേക്ക് എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സാങ്കേതിക വൈദഗ്ധ്യത്തില്‍ തല്‍പരരായ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സൗകര്യത്തോടെ പഠന സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി വികസന വകുപ്പ് 3.64 കോടി രൂപ ചെലവിട്ട് ഐടിഐ സിവില്‍ പ്രവൃത്തികളും 23.37 ലക്ഷം രൂപ ചെലവില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കിയത്.

സന്ദര്‍ശന മുറി, ഓഫീസ് മുറി, സ്റ്റാഫ് പ്രിന്‍സിപ്പല്‍ റൂം, സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ പരിശീലന ഹാളുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റുകള്‍, ഡ്രസ്സിങ് റൂം, സ്റ്റോര്‍ റൂം, തിയറി ക്ലാസ് റൂമുകള്‍, സെമിനാര്‍ ക്ലാസ് റൂം, ലൈബ്രറി റീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *