Your Image Description Your Image Description

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ.
കോർപ്പറേഷൻ തിരുവല്ലം മേഖലാ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ സ്പോട്ട്‌ ട്രാപ്പിന്റെ ഭാഗമായി തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദ്യോഗസ്ഥനെ പിടികൂടിയത്.പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള മരുമകന് പണികഴിപ്പിക്കുന്ന അപ്പാർട്ട്‌മെന്റിന് കെട്ടിട നമ്പർ ലഭിക്കാൻ കംപ്ലീഷൻ പ്ലാനും മറ്റു രേഖകളും 2024 ഡിസംബറിൽ തിരുവല്ലം മേഖല ഓഫീസിൽ സമർപ്പിച്ചിരുന്നു.

ഓവർസിയറായ പത്രോസ്, അസി. എക്സിക്യുട്ടീവ് എൻജിനിയറുമായി സ്ഥലപരിശോധന നടത്തിയശേഷം അപ്പാർട്ട്‌മെന്റിനു പുറത്ത് ടോയ്‌ലറ്റ് പണിയണമെന്ന് നിർദേശിച്ചു. ടോയ്‌ലറ്റ് പണികഴിപ്പിച്ചശേഷം ഓവർപരിശോധനയ്ക്ക് എത്തിയില്ല. പിന്നീട് ഓവർസിയറെ നേരിൽക്കണ്ടപ്പോഴാണ് സ്ഥലപരിശോധനയ്ക്ക് എത്തിയത്.

തുടർന്ന് കെട്ടിടനിർമാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും താൻ വിചാരിച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഓവർസിയർ പരാതിക്കാരനോട് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പണവുമായി ഓഫീസിൽ വരാൻ നിർദേശിച്ചു.

പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മേഖലാ ഓഫീസിൽവെച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് പത്രോസിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *