Your Image Description Your Image Description

മലപ്പുറം: മലപ്പുറം ജില്ലയില്‍ വളാഞ്ചേരി ഒരാള്‍ക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ (ഡിവിഷന്‍ 1), താണിയപ്പന്‍ കുന്ന് (ഡിവിഷന്‍ 2), കക്കാട്ടുപാറ (ഡിവിഷന്‍ 3), കാവുംപുറം (ഡിവിഷന്‍ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാര്‍ഡ് 9), മലയില്‍ (വാര്‍ഡ് 11), നീരടി (വാര്‍ഡ് 12), എടയൂര്‍ പഞ്ചായത്തിലെ വലാര്‍ത്തപടി (വാര്‍ഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോള്‍ (വാര്‍ഡ് 6) എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.

രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുമാണ് ഈ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും മദ്രസ്സകള്‍, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ലെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടില്ല.

ഈ വാര്‍ഡുകള്‍ക്ക് പുറമെ ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ട്യൂഷന്‍ സ്ഥാപനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിക്കണം. കൂടിച്ചേരലുകള്‍ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *