Your Image Description Your Image Description

ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ മൂന്ന് വയസ്സുകാരന് വിമാന ജീവനക്കാർ അബദ്ധത്തിൽ നൽകിയത് വൈറ്റ് വൈൻ. കാത്തേ പസഫിക് എയർവേയ്‌സിലെ ബിസിനസ് ക്ലാസിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കാണ് ഫ്ലൈറ്റ് അറ്റൻഡന്റ് വൈറ്റ് വൈൻ നൽകിയത്. കുട്ടിയുടെ അമ്മ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിലാണ് തൻ്റെ ദുരനുഭവം പങ്കുവെച്ചത്. ഏപ്രിൽ 24-ന് ആയിരുന്നു സംഭവം.

സംഭവത്തിൽ വിശദീകരണം നൽകാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ എയർലൈൻ തയ്യാറായില്ലെന്ന് അവർ ആരോപിച്ചു. മകൻ്റെ അരികിൽ വെച്ച ഗ്ലാസിൽ വെള്ളമാണെന്നാണ് കരുതിയത്. പുളി രുചിയുണ്ടെന്ന് മകൻ പരാതിപ്പെട്ടപ്പോഴാണ് ലഹരിപാനീയമാണെന്ന് തിരിച്ചറിഞ്ഞത്. ജീവനക്കാർ ക്ഷമാപണം നടത്തുകയും പാനീയം മാറ്റി നൽകുകയും ചെയ്‌തു. എന്നാൽ ജീവനക്കാരുടെ പ്രതികരണത്തിൽ താൻ തൃപ്തയായിരുന്നില്ലെന്നും മകന് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. കാത്തേ എയർവെയ്സ് ക്ഷമാപണം നടത്തിയെങ്കിലും, ഇത് എങ്ങനെ സംഭവിച്ചുവെന്നോ ഭാവിയിൽ ഇത്തരം തെറ്റുകൾ തടയാൻ എന്ത് നടപടികൾ സ്വീകരിക്കുമെന്നോ സംബന്ധിച്ച് കൃത്യമായ മറുപടി ഉണ്ടായില്ലെന്ന് മാതാവ് ആരോപിച്ചു. വിഷയത്തിൽ എയർലൈനിൻ്റെ ഇടപെടൽ തൻ്റെ മകനോടുള്ള കരുതലിൻ്റെ കുറവാണ് കാണിക്കുന്നതെന്നും അവർ വിമർശിച്ചു. ചെറിയ കുട്ടികളുടെ വളർച്ചയിൽ മദ്യം ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമെന്നും വിദഗ്ധരുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, തെറ്റ് പറ്റിയതായി കാത്തേ പസഫിക് സമ്മതിച്ചിട്ടുണ്ട്. ടിക്കറ്റ് റീഫണ്ട്, അപ്‌ഗ്രേഡ് വൗച്ചറുകൾ, ചികിത്സാ ചെലവുകൾ എന്നിവയ്‌ക്കെല്ലാം ചേർത്ത് 75,000 രൂപയ്ക്കും 85,000 രൂപയ്ക്കും ഇടയിൽ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും തങ്ങൾ വിഷയം വളരെ ഗൗരവമായി കാണുന്നതായും എയർലൈൻ വക്താവ് അറിയിച്ചു. യാത്രയിലുടനീളം ജീവനക്കാർ കുട്ടിയെ നിരീക്ഷിച്ചിരുന്നുവെന്നും വിമാനത്തിലെ മെഡിക്കൽ സ്റ്റാഫുമായും പുറത്തുള്ള ഉപദേശകരുമായും കൂടിയാലോചനകൾ നടത്തിയിരുന്നതായും എയർലൈൻ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *