Your Image Description Your Image Description

ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്താന്റെ ഏറ്റവും പ്രഹരശേഷി കൂടിയ വിമാനമായ ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിൽ തകർന്നു വീണ നിലയിൽ കണ്ടെത്തിയ ജെറ്റ് വിമാനം പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്. പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണിരിക്കുന്നത്.

സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്. നിലവിൽ പാകിസ്താന്റെ കൈവശമുള്ള അത്യാധുനിക യുദ്ധ വിമാനമാണിത്. പാകിസ്താനും ചൈനയും സംയുക്തവുമായി നിർമിച്ച മൾട്ടി-റോൾ ഫൈറ്റർ ജെറ്റായ ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയതെന്ന് പാകിസ്താൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്.

അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ പാകിസ്ഥാനിലെങ്ങും ആശങ്ക വ്യാപിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ വ്യോമാക്രണ‌ത്തിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി‌. പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാക് പഞ്ചാബിലെ ബഹവൽപുരിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. പ്രദേശത്തെ പള്ളികളും മദ്രസകളും ഒഴിപ്പിച്ചു. ഇന്ത്യ യുദ്ധം അടിച്ചേൽപ്പിക്കുകയാണ് എന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.

ഇന്ത്യ അടിച്ചേൽപ്പിച്ച യുദ്ധനടപടിയോട് പ്രതികരിക്കാൻ അവകാശമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. ഇന്ത്യ നടത്തിയ ആക്രമണം പാക് പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് പാക് വിദേശകാര്യമന്ത്രി ആരോപിച്ചത്. ഇന്ത്യയുടെ താൽകാലിക സന്തോഷത്തിന് ശാശ്വതമായ ദുഃഖമുണ്ടാക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കി. ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവൽഭൂട്ടോയും പ്രതികരിച്ചു. ഇന്ത്യൻ ആക്രമണത്തെ ചെറുക്കാൻ മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സുരക്ഷാസമിതി യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ടുപേരെ കാണാതായെന്നും പാകിസ്ഥാൻ പറയുന്നു. പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അഹമ്മദ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഹമ്മദ് ഷരീഫ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാനിലെ എട്ട് പ്രദേശങ്ങളിലായി 24 ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത് എന്നാണ് പാകിസ്ഥാന്റെ ആരോപണം. അതേസമയം, പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ ഭരണകൂടം വ്യക്തമാക്കുന്നു. ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ന് രാവിലെ 10-ന് ദേശീയ സുരക്ഷാ സമിതി (NSC) യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലാമാബാദിലെയും പഞ്ചാബ് പ്രവിശ്യയിലേയും സ്‌കൂളുകൾ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പഹൽ​ഗാമിൽ മതം ചോദിച്ച് ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച് ഭീകരരിൽ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്. ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകൾ ആചാരപ്രകാരം സിന്ദൂര രേഖയിൽ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകൾ സിന്ദൂരം അണിയാറില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടി നൽകുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നൽകുമ്പോൾ ഇനിയൊരിക്കലും ഭീകരരുടെ കൈകളാൽ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകൾക്ക് നൽകുന്നത്. അതേസമയം, ഓപ്പറേഷന് സിന്ദൂർ സംബന്ധിച്ച് ഇന്നു രാവിലെ പത്തുമണിക്ക് ഇന്ത്യയുടെ ഔദ്യോ​ഗിക വിശദീകരണമുണ്ടാകും.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് ‌നടത്തിയത് 12 ദിവസങ്ങൾക്ക് ശേഷമായിരുന്നെങ്കിൽ പഹൽ​ഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.

പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1971 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകൾ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്പുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകൾ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയിൽനിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത‌ ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരി‍ൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

കര, വ്യോമ, നാവികസേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങൾ അടച്ചു.

ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *