Your Image Description Your Image Description

ബീജിംഗ്: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർദേശവുമായി ചൈന. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യൻ തിരിച്ചടി.തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്നത്. ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു

തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നൽകിയ ഇന്ത്യ സിന്ധു-നദീജല കരാർ മരവിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങൾ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിർത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *