Your Image Description Your Image Description

ന്യൂഡൽഹി: ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിന് മറുപടി നൽകിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര താവളങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ എന്നപേരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം തുടങ്ങിയത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

‘‘പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല. തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്’’– വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

‘യുദ്ധത്തിലേക്കു നയിക്കുന്നത് ഒന്നും ഇന്ത്യ പാക്കിസ്ഥാനിൽ ചെയ്തിട്ടില്ല. പാക്കിസ്ഥാൻ പലപ്പോഴും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിക്രം മിശ്രി ആരോപിച്ചു. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘പൈശാചികമായ ആക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. കുടുംബാംഗങ്ങൾക്കു മുന്നിൽ ആളുകൾ‌ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. ടൂറിസം മേഖലയെ നശിപ്പിക്കാനും വർഗീയത പരത്താനുമുള്ള ശ്രമമായിരുന്നു അത്. ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്. നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്’’ – വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

‘‘മതസ്പർധ ഉണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കും. കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഇതുവരെ നടന്നതിൽ നിഷ്ഠൂരമായ ആക്രമണമാണിത്. ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനകളായ എൽഇടി, ജയ്ഷെ എന്നിവരാണ് ടിആർഎഫിനു പിന്നിൽ’’ – വിക്രം മിശ്രി വ്യക്തമാക്കി.

ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തതായി സംയുക്ത സേന വ്യക്തമാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ വളർത്തിയെടുത്തിരുന്നു. ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് സംയുക്ത സേന നടത്തിയത്.

കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ എന്ന് വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും വിങ് കമാൻഡർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *