Your Image Description Your Image Description

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ഇതാണ്. ഒരവസരം കിട്ടിയപ്പോളൊ തന്റെ കൂടെ പ്രവർത്തിച്ച ആൾ എന്നു പരിഗണന പോലുമില്ലാതെയാണ് വി ഡി സതീശൻ സുധാകരനെ ഒറ്റിക്കൊടുത്തതും താഴെയിടാൻ നോക്കിയതും. സുധാകരന്റെ ദുഃഖത്തിൽ അദ്ദേഹം മതിമറന്നു സന്തോഷിക്കുകയും ചെയ്തു. എന്നാൽ സഹികെട്ട സുധാകരൻ നേരെ ആന്റണി മൂപ്പനെ കണ്ടു കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാക്കിയിട്ടുണ്ട് എന്നാണ് കേട്ടത്.
അതിൻപ്രകാരം കെപിസിസി അധ്യക്ഷനെ മാത്രം മാറ്റുന്നതിനു പകരം സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിക്ക് നിർദേശം നൽകിയിരിക്കുകയാണ് പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇന്നലെ പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചിരുന്നു.
സമ്പൂർണ പുനഃസംഘടന വേണമെന്നാണ് ആന്റണിയുടെ നിലപാട്. ഡിസിസികളിൽ ഉൾപ്പെടെ അഴിച്ചുപണി വേണം. മാത്രമല്ല, പ്രവർത്തനക്ഷമതയുള്ള കെപിസിസി ഭാരവാഹികളെ നിയമിക്കണമെന്നും സോണിയയെ ആന്റണി അറിയിച്ചു. ഖർഗെയുമായും രാഹുലുമായും സംസാരിക്കാമെന്നും തുടർനടപടികൾ സ്വീകരിക്കാമെന്നും സോണിയ മറുപടി പറഞ്ഞു. ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്ന് സോണിയയോട് ആന്റണി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിവാദങ്ങളിലേക്കു കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതു പാർട്ടിക്കു ദോഷം ചെയ്യുമെന്നും സോണിയ ഗാന്ധിയോട് ആന്റണി പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആന്റണിയുമായി കെ. സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. ആ അവസരത്തിലാണ് സതീശന് നേരെ തിരിയാൻ ആന്റണിയെ സുധാകരൻ സ്ക്രൂ കയറ്റിയതും. തന്നെ മാത്രം കുരിശ്ശിലേറ്റി ആരുമിങ്ങനെ കേമനാവണ്ട എന്നാണു സുധാകരന്റെ പ്ലാൻ. കുടുങ്ങുന്നെങ്കിൽ എല്ലാവരും ഒരുമിച്ചു തന്നെ കുടുങ്ങട്ടെ. മുതിർന്ന നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് സുധാകരൻ ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ റിപ്പോർട്ട് ഏകപക്ഷീയമാണെന്നാണ് സുധാകര പക്ഷത്തിന്റെ നിലപാട്. സുധാകരന്റെ പകരക്കാരായി ചർച്ച ചെയ്യപ്പെടുന്നവർക്കെതിരെയും ചില മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു. അതേസമയം, പുനസംഘടന വൈകുന്നതിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം.
അതേസമയം കാര്യങ്ങൾ കൈവിട്ടു പോയതിന്റെ അങ്കലാപ്പിൽ തന്നെയാണ് വി ഡി സതീശനാടക്കമുള്ള മുതിർന്ന നേതാക്കൾ. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട അവസ്ഥയിലായി കാര്യങ്ങൾ. സത്യം പറഞ്ഞാൽ നേതൃമാറ്റം വലിയ വിഷയമൊന്നുമാവില്ലായിരുന്നു.നേതൃമാറ്റമെന്ന പ്രചാരണം ഏതാണ്ട് അടങ്ങിയ ഘട്ടത്തിലാണു ഖർഗെയും രാഹുലും സുധാകരനെ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. മാറ്റമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന രീതിയിൽ ഇടപെട്ട നേതാക്കൾ, സുധാകരനുമായി ദീർഘസമയം ചെലവിടുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു.

മാത്രമല്ല, മടങ്ങി വരുമ്പോൾ സുധാകരനെ ആശ്ലേഷിച്ച ഇരുവരും കാറിനു സമീപമെത്തി യാത്രയയയ്ക്കുകയും ചെയ്തു. നേതാക്കളുടെ ഇടപെടലിൽ സന്തുഷ്ടനായ സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പു വരെ തുടരാൻ ആഗ്രഹം അറിയിച്ചെങ്കിലും, അന്നുതന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചിരുന്നെങ്കിൽ പൂർണമനസ്സോടെ അംഗീകരിക്കാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുന്നെന്നു സുധാകരനോടു സ്പഷ്ടമായി പറയാതിരുന്ന നേതൃത്വം പകരക്കാരനെ പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തു.

കേരളത്തിൽ മടങ്ങിയെത്തിയ സുധാകരൻ, തന്നെ മാറ്റുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച എന്ന പ്രചാരണത്തിൽ അസ്വസ്ഥനായി. തന്നോടു പറയാതെ പകരക്കാരനെ തീരുമാനിക്കുന്നെന്നു വന്നതോടെ പ്രകോപിതനുമായി. ശശി തരൂരും കെ.മുരളീധരനും ഉൾപ്പെടെ പരസ്യപിന്തുണ നൽകിയതോടെ സുധാകരനു ധൈര്യമായി. ഇതാണ് കാര്യങ്ങൾ ഇത്രകണ്ട് വഷളാക്കിയത്. ഇനിയിപ്പോൾ ഒറ്റിക്കൊടുത്തവനും കൂടെ നിന്നവനുമെല്ലാം ഒരുമിച്ചനുഭവിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *