Your Image Description Your Image Description

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ഹിന്ദി ചാനല്‍ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ്, ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ജലം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്. അത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യും- മോദി പറഞ്ഞു.

അതെ സമയം, ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനിൽ സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിൽ പ്രളയ മുന്നറിയിപ്പ്. ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. പ്രളയ സാധ്യതയെത്തുടർന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

പഹൽഗാം ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നാളെ നടക്കും. യുദ്ധ സാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാനാണ് മോക് ഡ്രിൽ . 1971ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷിയാവുന്നത്. ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കൽ, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങി പത്തോളം നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവി, ഫയർ ഫോഴ്‌സ് മേധാവി, റവന്യൂ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്രം നിർദ്ദേശിച്ച പ്രകാരമുള്ള മുന്നൊരുക്കങ്ങളും നടപടികളും ഈ യോഗം വിശദമായി ചർച്ച ചെയ്യും. കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം.

പഹൽഗാം ആക്രമണത്തിനു ശേഷം നിരന്തരം ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി പാകിസ്ഥാൻ മുഴക്കുന്ന സാഹചര്യം ഇന്നലെ യുഎൻ രക്ഷാ സമിതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിൽ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.

സംസ്ഥാനത്തെ ഡാമുകളിൽ കേന്ദ്രസർക്കാരിന്റെ ജാഗ്രതാനിർദേശം. എല്ലാ ഡാമുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് സംസ്ഥാനത്തെ എല്ലാ ഡാമുകൾക്കും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്താനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ കൂട്ടിയിരിക്കുന്നത്. ഡാമുകളിൽ ഇന്നുമുതൽ പോലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ സ്റ്റേഷനുകൾ, പവർജനറേഷൻ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് കേന്ദ്രം പിൻവലിക്കുന്നതുവരെ അധികസുരക്ഷാ വിന്യാസം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *