Your Image Description Your Image Description

ഇന്ന് നടക്കുന്ന രാജ്യവ്യാപക സുരക്ഷാ മോക്ഡ്രില്ലിന് വേദിയാവുക രാജ്യത്തെ 259 സ്ഥലങ്ങൾ, കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും മാത്രമാണ് പട്ടികയിൽ ഉള്ളത്. വ്യോമാക്രമണ സൈറണുകൾ, പെട്ടെന്നുള്ള ഒഴിപ്പിക്കൽ തുടങ്ങിയ സാഹചര്യങ്ങളോടുള്ള ആദ്യ പ്രതികരണത്തിനുള്ള പരിശീലനത്തിലും മറ്റ് വിഷയങ്ങളിലുമാണ് ഈ അഭ്യാസം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക മോക്ഡ്രിൽ നടത്തുന്നത്. 1971ന് ശേഷം ഇത്തരത്തിലുള്ള ആദ്യ സംഭവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. നാളെ നടക്കാനിരിക്കുന്ന രാജ്യവ്യാപക മോക്ഡ്രില്ലിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള സിവിൽ ഡിഫൻസ് തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഒരു നിർണായക യോഗം വിളിച്ചു ചേർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് മേധാവികളും യോഗത്തിൽ പങ്കെടുക്കുത്തിരുന്നു. തിരഞ്ഞെടുത്ത ചില ജില്ലകൾ കേന്ദ്രീകരിച്ചാണ് മോക്ഡ്രിൽ പരിപാടി പ്രധാനമായും നടക്കുകയെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. അതിൽ കൂടുതലും രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലകളാണ്. ഒന്നിലധികം അപകട സാഹചര്യങ്ങൾ സൂചിപ്പിക്കുന്ന മോക്ഡ്രിൽ നടത്താനാണു നിർദ്ദേശം നൽകിയത്. ഡൽഹി, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗതാഗതം, ജനക്കൂട്ട നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള ജോലികളിൽ പതിവായി ഏർപ്പെടുന്ന സജീവ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ ശക്തമായ സാന്നിധ്യമുണ്ട്. പ്രധാനമായും സ്വമേധയാ ഉള്ള അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്, ശമ്പളം ലഭിക്കുന്ന ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത് മുന്നോട്ട് പോവുന്നത്. മോക്ഡ്രില്ലിൽ പ്രധാന പരിഗണന എന്തിനൊക്കെ?

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കൽ, വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് സിവിൽ ഡിഫൻസ് വിദ്യകളിൽ പരിശീലനം നൽകുക, ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുക, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, ഒഴിപ്പിക്കൽ പദ്ധതികൾ അവലോകനം ചെയ്യുകയും പരിശീലിക്കുകയും ചെയ്യുക, നിലവിലെ മോക്ഡ്രില്ലിന്റെ അടിസ്ഥാനം എന്നിവയാണ് പ്രധാനമായും ഇതിൽ നടപ്പാക്കുക.

മോക്ഡ്രിൽ എന്തിനാണ്?

ഒരു രാജ്യത്തിന്റെ പ്രത്യേക അപകടസാധ്യതകൾ, വിഭവങ്ങൾ, മുൻഗണനകൾ എന്നിവയെ ആശ്രയിച്ച് ഈ ഡ്രില്ലുകളുടെ സ്വഭാവവും ആവൃത്തിയും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് പ്രത്യേകം ഓർക്കണം. ചില രാജ്യങ്ങൾ പതിവായി ദേശീയതല ഡ്രില്ലുകൾ നടത്താറുണ്ട്, എന്നാൽ ഇന്ത്യയിൽ ഇത് യുദ്ധം പോലെയുള്ള സാഹചര്യങ്ങൾ അടുക്കുമ്പോഴാണ് സാധാരണയായി നടത്താറുള്ളത്, മുൻപ് 1971ലാണ് നടന്നത് എന്നത് പ്രത്യേകം ഓർമ്മയിൽ വയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *