Your Image Description Your Image Description

പാലക്കാട്: വീടുകൾ തോറും കയറി ഇറങ്ങി, സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വായ്പ സംഘടിപ്പിച്ച് നൽകിയുള്ള തട്ടിപ്പിൽ കുടുങ്ങിയത് നൂറോളം പേർ. പാലക്കാട് മണ്ണാർക്കാട് തെങ്കരയിലെ നൂറ് സ്ത്രീകളാണ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കണ്ണി സ്വദേശി വിജയലക്ഷമിക്കെതിരെയാണ് വീട്ടമ്മമാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഇങ്ങനെ തട്ടിയെടുത്തത് എന്നാണ് പരാതിയിൽ ഇവർ ആരോപിക്കുന്നത്.

സ്ത്രീകളെ കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്ത് നൽകുകയായിരുന്നു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും വിജയലക്ഷ്മി എളുപ്പത്തിൽ വായ്പ വാങ്ങിക്കൊടുക്കും. പണം ഗഡുക്കളായി നൽകിയാൽ മതി എന്ന് വിശ്വസിപ്പിച്ചാണ് വ്യാപക തട്ടിപ്പ് നടന്നത്. തിരിച്ചടവിനായി മാസം തോറും പണം പിരിച്ചു. എന്നാൽ പണം വായ്പാ അക്കൗണ്ടുകളിൽ എത്തിയില്ല. പിരിച്ച പണം തട്ടിയെടുത്ത ഇവർ മുങ്ങുകയായിരുന്നു. പലരുടെയും രേഖകൾ ഉപയോഗിച്ച് കുടുംബശ്രീകളിൽ നിന്ന് വായ്പയെടുത്തു.

എന്നാൽ പണം യാഥാർത്ഥ ഉപഭോക്താവിന് കൈമാറിയില്ല. വിശ്വസിച്ച് ഏൽപ്പിച്ച രേഖകൾ ഉപയോഗിച്ച് ഒരാളുടെ പേരിൽ തന്നെ പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തും പണം തട്ടി. വായ്പ കുടിശ്ശികയായതോടെയാണ് തട്ടിപ്പ് വിവരം പലരും പുറത്തറിയുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *