Your Image Description Your Image Description

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന് പരാതി. കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രിയിലാണ് ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതി. ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് കേസെടുത്തു.

ആശുപത്രിയിൽ ചികിത്സ തേടിയ 31 കാരിയായ നീതുവിനാണ് ചികിത്സ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടതായി വന്നത്. പ്രസവത്തിന് ശേഷം നീതുവിന് വയർ ചാടിയതായും തുടർന്ന് വ്യായാമം ഉൾപ്പെടെ ചെയ്തെങ്കിലും ഫലം കണ്ടില്ലെന്നും യുവതിയുടെ മാതാവ് മായ പറഞ്ഞു. പിന്നീട് പരസ്യം കണ്ടാണ് കോസ്മറ്റിക് ആശുപത്രിയുമായി ബന്ധപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. പിൻമാറിയെങ്കിലും ഓഫറുണ്ട്, മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയും ശസ്ത്രക്രിയക്ക് തയാറാകുകയായിരുന്നുവെന്നും മായ പറ‍ഞ്ഞു.

‘അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയും പിറ്റേന്ന് രാവിലെ ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. പതിനൊന്നുമണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ ബന്ധപ്പെട്ടു. ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കാനാണ് ഡോക്ടർ പറഞ്ഞത്. മൂന്നുനാല് തവണ ശർദിക്കുകയും തലകറങ്ങുകയും ചെയ്തതോടെ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും കഞ്ഞിവെള്ളവും ഒട്സും നൽകാനായിരുന്നു മറുപടി. വീണ്ടും വിളിച്ചതോടെ പിറ്റേന്ന് രാവിലെ ആശുപത്രിയിൽ കൊണ്ടുവരാൻ ഡോക്ടർ നിർദേശിച്ചു.’

രാവിലെ ആശുപത്രിയിലെത്തിയപ്പോൾ പത്തുകുപ്പി ബ്ലെഡ് വേണമെന്ന് പറഞ്ഞു. പിന്നീട് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ വിളിക്കുകയും നീതുവിന്റെ ആരോ​ഗ്യനില ​ഗുരുതരമാണെന്ന് പറയുകയായിരുന്നു. ബിൽ അടച്ച് ലീവ് നൽകാൻ ഓഫീസിലേക്ക് പോയി ഭർത്താവ് മടങ്ങിയെത്തിയപ്പോൾ നീതുവിനെ ഇനോവ കാറിൽ കയറ്റുന്നതാണ് കണ്ടത്. നീതുവിന് അറ്റാക്ക് വന്നതായും വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ആംബുലൻസ് വിളിച്ചില്ലെന്നും കുടുംബം ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ കോസ്മറ്റിക് ആശുപത്രി അധികൃതർ തയാറായിട്ടില്ല.

22 ദിവസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് കൈകളിയെയും കാലുകലിലെയുമായി ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടതായി വന്നു. നിലവില്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *