Your Image Description Your Image Description

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളും ടാബ് ലെറ്റുകളും കേടുവന്നാല്‍ അത് എത്ര വേഗത്തിൽ നന്നാക്കാൻ കഴിയുമെന്ന് ഇനി നേരത്തെ തന്നെ മനസിലാക്കാം. ഇതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി രാജ്യത്തെ എല്ലാ ഫോണ്‍, ടാബ് ലെറ്റ് നിര്‍മാതാക്കളും അവരുടെ ഉല്പന്നങ്ങളുടെ റിപ്പയറബിലിറ്റി ഇന്‍ഡെക്‌സ് വെളിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഉപഭോക്തൃ കാര്യ വകുപ്പ് രൂപീകരിച്ച പ്രത്യേക കമ്മറ്റി. പലപ്പോഴും ഉപകരണങ്ങളുടെ വാറന്റി അവസാനിച്ചാലും കേടുപാടുകള്‍ സംഭവിച്ചാലും അവയുടെ അറ്റകുറ്റപ്പണി നടത്താന്‍ ഉപഭോക്താക്കള്‍ പാടുപെടുന്ന സ്ഥിതിയുണ്ട്.

റിപ്പയറബിലിറ്റി ഇന്‍ഡക്‌സ് നേരത്തെ പ്രഖ്യാപിച്ചാല്‍, ഉപകരണങ്ങള്‍ വാങ്ങുന്ന സമയത്ത് തന്നെ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാവും. നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈനില്‍ ഫോണുകളുടെയും ടാബ് ലെറ്റുകളുടേയും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മിറ്റി ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മോശം ലഭ്യതയും ഉപകരണങ്ങള്‍ വാങ്ങിയതിന് ശേഷമുള്ള കമ്പനികളുടെ പിന്തുണയുടെ അഭാവവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും വന്നിരിക്കുന്നത്.

ഫോണുകള്‍ ഡിസ്അസംബ്ലിങ് ചെയ്യുന്നത് എത്ര എളുപ്പമാണ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, റിപ്പയര്‍ വിവരങ്ങള്‍, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ ഉപകരണത്തിന്റേയും റിപ്പയറബിലിറ്റി ഇന്‍ഡക്‌സ് തീരുമാനിക്കുക. ഉത്പന്നങ്ങളുടെ പാക്കേജിലും റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ഈ സ്‌കോര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഇതുവഴി ഉപകരണം വാങ്ങുന്നതിന് മുമ്പ് തന്നെ അവ കേടുവന്നാല്‍ നന്നാക്കുക എളുപ്പമാണോ എന്നറിയാന്‍ ഉപഭോക്താവിന് സാധിക്കും. റിപ്പയറബിലിറ്റി ഇന്‍ഡക്‌സ് ബ്രാന്‍ഡുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അഡീഷണല്‍ സെക്രട്ടറി ഭരത് ഖേര അധ്യക്ഷനായ കമ്മിറ്റി ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2024 സെപ്റ്റംബറില്‍ രൂപീകരിച്ച ഈ പാനലില്‍ ആപ്പിള്‍, സാംസങ്, ഗൂഗിള്‍, വിവോ, ഡെല്‍, എച്ച്പി, എച്ച്എംഡി മൊബൈല്‍സ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നു. ഐസിഇഎ, എംഎഐടി തുടങ്ങിയ പ്രധാന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്തൃ അവകാശ സംഘടനകളില്‍ നിന്നും അക്കാദമിക് വിദഗ്ധരില്‍ നിന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്), നാഷണല്‍ ടെസ്റ്റ് ഹൗസ് (എന്‍ടിഎച്ച്) പോലുള്ള ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ഇതില്‍ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *