Your Image Description Your Image Description

ജയ്പൂർ: മുംബയ് ഇന്ത്യൻസ് മുൻ താരം ശിവാലിക് ശർമ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായി. വിവാ​ഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടു എന്ന യുവതിയുടെ പരാതിയിലാണ് ഇരുപത്താറുകാരനായ ശിവാലിക് ശർമയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ നിശ്ചയം നടത്തിയ ശേഷം പലതവണ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈം​ഗികബന്ധത്തിലേർപ്പെട്ടു എന്നുമാണ് യുവതി പറയുന്നത്. എന്നാൽ, പിന്നീട് താരം വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നും യുവതി ആരോപിക്കുന്നു.

രണ്ട് വർഷം മുൻപാണ് യുവതിയും ശിവാലിക് ശർമയും വഡോദരയിൽ വച്ച് കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു. പ്രണയത്തിലായതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചെന്നും തുടർന്ന് ഇരുകുടുംബങ്ങളും പരസ്പരം കണ്ടുവെന്നും യുവതി പരാതിയിൽ പറയുന്നു. 2023ൽ തന്നെ വിവാഹ നിശ്ചയവും നടത്തി. ഇതിന് പിന്നാലെ പലവട്ടം ശിവാലിക് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനാൽ ഒപ്പം പോയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ പിന്നീട് താരം ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ബാറ്ററും ഓൾറൗണ്ടറുമായ ശിവാലിക് 2018ലാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 18 ഫസ്റ്റ്ക്ലാസ് മൽസരങ്ങളിൽ നിന്നായി 1087റൺ ഇതുവരെ താരം നേടിയിട്ടുണ്ട്. 19 ട്വന്റി 20 മത്സരങ്ങളിലും 13 ഏകദിന മത്സരങ്ങളിലും കളിച്ചു. കഴിഞ്ഞ രഞ്ജി ട്രാഫിയിലും ബറോഡയ്ക്കായി താരം മികച്ച കളിയാണ് പുറത്തെടുത്തത്. 2023ലെ ലേലത്തിലാണ് ശിവാലിക് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബയ് ഇന്ത്യൻസിലെത്തിയത്. ടീമിലെത്തിയെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നവംബറിലെ മെഗാ ലേലത്തിന് താരത്തെ മുംബയ് ഇന്ത്യൻസ് റിലീസ് ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ കേസെടുത്ത പൊലീസ് ശിവാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *