Your Image Description Your Image Description

ന്യൂഡൽഹി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എംഎൽഎ എ രാജയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുള്ള, പികെ മിശ്ര എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. പട്ടികജാതി സംവരണത്തിന് രാജയ്ക്ക് എല്ലാ അർഹതയും ഉണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി.

എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. കുടിയേറുന്ന കാലത്തു തന്നെ വസ്തുവകകൾ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കിൽ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. പൂർവ്വികർ തിരുനെൽവേലിയിൽ നിന്ന് 1950 ഓഗസ്റ്റ് 10ന് മുൻപ് കുടിയേറിയവരാണെന്നും ഇതിന് രേഖകളുണ്ടെന്നുമാണ് എ രാജയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഉയർത്തിയ വാദം. ഇത് സുപ്രീംകോടതി ശരിവെച്ചു. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖയും കേസിൽ നിർണായകമായി.

എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയായിരുന്നു ഹൈക്കോടതി വിധി. തന്റെ പൂർവ്വികർ കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നുമായിരുന്നു എ രാജയുടെ വാദം. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലെ ആക്ഷേപം. നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *