Your Image Description Your Image Description

ഇനി സ്കൂളുകളിലെ ഉച്ചഭക്ഷണം കൂടുതൽ ഹെൽത്തിയാകും. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാർഥികൾക്കിടയിൽ വളർത്തിയെടുക്കാനും കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാനുള്ള കർശന നിർദേശമാണ് ഉത്തരവിലുള്ളത്. ഇതിനുള്ള മാർഗനിർദേശം ഉപജില്ലാ തലത്തിൽ നിന്ന് സ്കൂൾ അധികൃതർക്ക് നൽകും.

എണ്ണയിൽ പൊരിച്ചെടുത്തവയ്ക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണം ശീലമാക്കണമെന്നാണ് നിർദേശം. കുട്ടിക്കാലത്ത് അമിത അളവിൽ എണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുകാരണമാകാം. സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാര പാനീയങ്ങളുടെയും അമിത ഉപയോഗം പൊണ്ണത്തടി, ഇൻസുലിൻ റെസിസ്റ്റൻസ് എന്നീ അവസ്ഥകളിലേക്കും നയിക്കുന്നു. ഈ സാഹചര്യത്തിലാണ് എണ്ണയിൽ പൊരിച്ചെടുത്തവയ്ക്ക് പകരം ആവിയിൽ വേവിച്ചവ ശീലമാക്കണമെന്നും നിർദേശം നൽകിയത്.

അധിക കലോറി എരിച്ചുകളയുന്നതിനായി വ്യായാമം, യോഗ മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കണം. പോഷക ഭക്ഷണമാണോ നൽകുന്നതെന്ന് നിരീക്ഷിക്കാൻ നൂൺ ഫീഡിങ് സൂപ്പർവൈസർമാർ, നൂൺ മീൽ ഓഫീസർമാർ എന്നിവർ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദർശിക്കും. ഫോർട്ടിഫൈഡ് അരി, ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ഫോർട്ടിഫൈഡ് ഭക്ഷ്യഎണ്ണ (വിറ്റാമിൻ എ, ഡി എന്നിവ അടങ്ങിയത്), ഡബിൾ ഫോർട്ടിഫൈഡ് ഉപ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കും. സ്കൂൾ പാചകത്തൊഴിലാളികൾക്കായി ഇത് സംബന്ധിച്ച പരിശീലന പരിപാടിയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *