Your Image Description Your Image Description

മറയൂർ (ഇടുക്കി): ഗുരുതരാവസ്ഥയിലായ രോഗിയുമായി ആംബുലൻസ് ഗതാഗതക്കുരുക്കിൽ അകപ്പെട്ടത് മണിക്കൂറുകൾ. മൂന്നാർ-ഉദുമൽപ്പേട്ട അന്തഃസംസ്ഥാനപാതയിലെ ഗതാഗതകുരുക്കിലാണ് ആംബുലൻസ് കുടുങ്ങിക്കിടന്നത്. ചികിത്സ വൈകിയതിനാൽ വിഷം ഉള്ളിൽച്ചെന്ന് അത്യാസന്നനിലയിലായ മറയൂർ മേലാടിയിൽ രാജൻ (42) ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങി. കുരുക്കുമാറ്റി ഒരു മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്തഃസംസ്ഥാന പാതയിലെ ചിന്നാർ എസ് വളവിലാണ് സംഭവം. വീതിക്കുറവും ഇരുവശങ്ങളിലുമുള്ള വലിയ കട്ടിങ്ങും കാരണം ഈ പാതയിൽ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഞായറാഴ്ച രാവിലെയാണ്, വിഷം ഉള്ളിൽച്ചെന്ന നിലയിൽ രാജനെ വീട്ടിൽ കണ്ടെത്തിയത്. ഉടനെ 108 ആംബുലൻസിൽ തമിഴ്നാട്ടിലെ ഉദുമൽപ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവ ഴിയാണ് കുരുക്കിൽപ്പെട്ടത്. ആംബുലൻസ് കടത്തിവിടാൻ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ ശ്രമിച്ചെങ്കിലും റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലുമുള്ള കട്ടിങ്ങും കാരണം കഴിഞ്ഞില്ല. പിന്നീട് ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ മരിച്ചു.

ഈ പാതയിലെ മറയൂർ മുതൽ തമിഴ്നാട്ടിലെ ഒൻപതാർ വരെയുള്ള 34 കിലോമീറ്റർ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വനമേഖലയിലൂടെ പോകുന്ന പാതയ്ക്ക് വീതിയില്ലാത്തതാണ് കാരണം. ഇരുവശത്തും വലിയ കൊക്കയുമാണ്. റോഡ് ടാർ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഇരുവശത്തും വലിയ കട്ടിങ്ങുമുണ്ടായി. 10 വർഷം മുൻപ് തമിഴ്നാട് അതിർത്തിയിലെ 18 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിച്ചിരുന്നു. മറയൂർ- ചിന്നാർ റോഡ് കഴിഞ്ഞ മാസം ബിഎംബിസി നിലവാരത്തിൽ 9.15 കോടി ചെലവിൽ നവീകരിച്ചിരുന്നു. റോഡിന്റെ മുകൾവശം നന്നായി എങ്കിലും ഇരുവശങ്ങളിലും വലിയ കട്ടിങ്ങുകൾ രൂപംകൊണ്ടു. പാതയ്ക്ക് വീതിയില്ലാത്തതിനാൽ കട്ടിങ്ങുകളിൽ ഇറക്കാൻ ഡ്രൈവർമാർക്ക് ഭയമാണ്. ഇതും ഗതാഗതക്കുരുക്കിന് ഒരു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *