Your Image Description Your Image Description

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെ മുതൽ തുടക്കമാകും. നാളെ ഇന്ത്യൻ സമയം ഒന്നരയോടെയാണ് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺ​ക്ലേവിന് തുടക്കമാകുക. കത്തോലിക്കാ സഭയുടെ അടുത്ത നേതാവിനായി ലോകം കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏകദേശം 1.4 ബില്യൺ മാമ്മോദീസ സ്വീകരിച്ച റോമൻ കത്തോലിക്ക വിശ്വാസികളിൽ ആരെ വേണമെങ്കിലും പോപ്പായി തെരഞ്ഞെടുക്കാം എന്നാണ് വിശ്വാസം. സ്നാനമേറ്റ ഏതൊരു പുരുഷനും സൈദ്ധാന്തികമായി പോപ്പായി തിരഞ്ഞെടുക്കപ്പെടാമെങ്കിലും, പ്രായോഗികമായി, കർദ്ദിനാൾമാരിൽ ഒരാളാകും മാർപാപ്പയായി വരിക.

ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെയാണ് ആദ്യ നടപടിക്രമങ്ങൾ എന്നു നോക്കാം. തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ ഏഴ് കാര്യങ്ങളാണ് പുതിയ പോപ്പ് സ്വീകരിക്കുന്നത്. സ്ഥാനീയ ചിഹ്നങ്ങൾ ഉൾപ്പെടെ പുതിയ പോപ്പ് സ്വീകരിക്കുന്ന ഏഴ് കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആദ്യം സ്വീകരിക്കുന്നത് പേരാണ്. ആദ്യം സ്വീകരിക്കുന്ന സ്ഥാനീയ ചിഹ്നം വെള്ള കാസക് ആണ്. പോപ്പിന്റെ വെള്ള പുറം കുപ്പായമാണിത്. കോൺക്ലേവ് തുടങ്ങുമ്പോൾ തന്നെ മൂന്ന് സൈസുകളിലായി കാസക് തയാറാക്കും.

ലാളിത്യം, മരണം, ഉത്ഥാനം,പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നു. സിസ്റ്റൈൻ ചാപ്പലിലെ കണ്ണീർ മുറിയിലാണ് പുതിയ പോപ്പ് കാസ്ക് സ്വീകരിക്കുക. പ്രധാനപ്പെട്ട മറ്റൊരു ചിഹ്നം ഫിഷർമെൻസ് റിങ്ങാണ്. സ്വർണത്തിൽ തീർത്ത ഈ മോതിരത്തിൽ വിശുദ്ധ പത്രോസ് വലയെറിയുന്ന ചിത്രവും പുതിയ പോപ്പിന്റെ പേരും ആലേഖനം ചെയ്തിരിക്കുന്നു. പത്രോസിന്റെ പിൻഗാമിയുടെ റോൾ വ്യക്തമാക്കുന്നതാണ് ഈ മുദ്രമോതിരം. ഔദ്യോഗിക സീലായും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പോപ്പിന്റെ മരണശേഷം മോതിരും ഉടച്ചുകളയുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുപിന്നാലെ പോപ്പ് സ്വീകരിക്കുന്ന മറ്റൊരു വസ്തു പാലിയം ആണ്. പോപ്പിന്റെ തോളിൽ ഷാളുപോലെ ഇതുകാണാം. ആറ് കുരിശുകളും ഇതിലുണ്ട്. പോപ്പിന് സഭയോടുള്ള ഉത്തരവാദിത്തവും പരമാധ്യക്ഷൻ എന്ന നിലയിലെ ത്യാഗത്തെയും ഇത് സൂചിപ്പിക്കുന്നു. കുരിശോടുകൂടിയ നീളമുള്ള വടിയാണ് മറ്റൊന്ന്. പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷം വിശ്വാസികളെ ആദ്യം അഭിസംബോധന ചെയ്യുമ്പോൾ പേപ്പൽ ഫെരുലയുമായിട്ടാണ് പോപ്പ് പ്രത്യക്ഷപ്പെടുന്നത്.

തന്നെയല്ല, ക്രിസ്തുവിനെയാണ് പിന്തുടരേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പവിത്രചിഹ്നം. ചുവന്ന പേപ്പൽ ഷൂവാണ് പൈതൃകത്തെ സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നം. ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ ചുവന്ന ഷു ഒഴിവാക്കിയിരുന്നു. അധികാരത്തെക്കാൾ സഭയിലെ രക്തസാക്ഷികളെ ഓർമപ്പെടുത്തുന്നു ഈ ചുവന്ന പേപ്പൽ ഷൂ. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പാത പിന്തുടരുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചെയർ ഓഫ് ദ പീറ്റർ ആണ് പവിത്ര ചിഹ്നങ്ങളിൽ മറ്റൊന്ന്. സഭയുടെ സ്പിരിച്വൽ സീറ്റ്. സഭയുടെ ഐക്യത്തെയും സേവനത്തെയും ഇത് സൂചിപ്പിക്കുന്നു.

നാളെ വോട്ടെടുപ്പ് ഒരുതവണ

കത്തോലിക്കാ സഭയുടെ 277മാത്തെ അധ്യക്ഷനെയാണ് തെരഞ്ഞെടുക്കുന്നത്. ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം ഉള്ളത് 133 കർദിനാൾമാർക്കാണ്. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ‍. കർദിനാൾമാരെ മാർപ്പാപ്പമാർ താമസിക്കാറുള്ള കാസ സാന്താ മാർത്തയിലേക്ക് മാറ്റി. യുറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതൽ കർദിനാളുമാരുള്ളത്. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, കർദിനാൾ ജോർജ്ജ് കൂവക്കാട്, ഗോവ, ദാമൻ അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആർച്ച്‌ ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യൻ കർദിനാളുമാർ.

നാളെ ഒരു തവണ മാത്രമാണ് വോട്ടെടുപ്പുള്ളത്. രണ്ടാം ദിനം രാവിലെയും ഉച്ചയ്ക്കും രണ്ട് തവണ വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസം മാർപ്പാപ്പയെ തെരഞ്ഞടുത്തില്ലെങ്കിൽ കോൺക്ലേവിന് ഒരു ദിവസത്തെ ഇടവേള നൽകും. പുതിയ മാർപാപ്പയെ കണ്ടെത്തും വരെ വോട്ടെടുപ്പ് തുടരും.

Leave a Reply

Your email address will not be published. Required fields are marked *