Your Image Description Your Image Description

അബുദാബി: നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം നേടി മലയാളി. ബിഗ് ടിക്കറ്റിന്റെ 274 -ാം നറുക്കെടുപ്പിലാണ് തിരുവന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞിന് (61) ഒന്നാം സമ്മാനമായ 57 കോടി രൂപ (25 ദശലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം അല്‍ ഹൈലില്‍ വാട്ടര്‍പ്രൂഫിങ്, ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തിവരികയായിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ 16 പേരോടൊപ്പമാണ് ഇപ്രാവശ്യം ഭാഗ്യം പരീക്ഷിച്ചത്.

വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് താജുദ്ദീന് ഒന്നാം സമ്മാനം ലഭിച്ചത്. ഈ സമ്മാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതുവരെ ഇത് വിശ്വസിക്കാനായിട്ടില്ല. ഒടുവില്‍ അഞ്ചാമത്തെ ശ്രമത്തില്‍ കോടികള്‍ സ്വന്തമായെന്ന് ഇദ്ദേഹം സന്തോഷം അടക്കാനാകാതെ പറഞ്ഞു. ഏപ്രില്‍ 18നാണ് താജുദ്ദീന്‍ ഓണ്‍ലൈനിലൂടെ 306638 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. പതിവായി 16 സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സംഘമായാണ് ടിക്കറ്റെടുക്കാറ്. ഓരോ തവണയും ഞങ്ങള്‍ ഓരോരുത്തരും ദിര്‍ഹം 70 വീതം ചെലവഴിക്കും. രണ്ട് ടിക്കറ്റുകള്‍ എപ്പോഴും വാങ്ങാറുണ്ട്.

ഇത്തവണ പ്രമോഷന്റെ ഭാഗമായി രണ്ട് ഫ്രീ ടിക്കറ്റുകള്‍ കൂടി ലഭിച്ചു. അതില്‍ ഒന്ന് ഭാഗ്യം കൊണ്ടുവന്നു. വിജയിച്ചാല്‍ ഒരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് നേരത്തെ സംഘം തീരുമാനിച്ചിരുന്നു. ഞങ്ങള്‍ 16 പേര്‍ ആണെങ്കിലും സമ്മാനം 17 ഭാഗങ്ങളായി പങ്കുവയ്ക്കും. പതിനേഴാമത്തേത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. ഞങ്ങള്‍ ആദ്യ ടിക്കറ്റ് വാങ്ങിയപ്പോളെഴുതിയ ഉടമ്പടിയാണ് അതെന്ന് താജുദ്ദീന്‍ പറഞ്ഞു.

താജുദ്ദീന്‍ ബിഗ് ടിക്കറ്റില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തെറ്റായി തന്റെ ഇന്ത്യന്‍ ഫോണ്‍ നമ്പര്‍ നല്‍കിയതാണ് വിനയായത്. ബിഗ് ടിക്കറ്റ് അധികൃതര്‍ ഇദ്ദേഹം തിരുവനന്തപുരത്താണുള്ളതെന്ന് കരുതി ആ നമ്പരിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഫോണ്‍ എടുക്കുകയും തട്ടിപ്പ് കോളാണെന്ന് കരുതി ഫോണ്‍ വയ്ക്കുകയും ചെയ്തു. പിന്നീട് ദുബായില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മരുമകന്‍ നറുക്കെടുപ്പ് ഫലം കണ്ടതോടെയാണ് വിജയത്തെപ്പറ്റി മനസ്സിലാക്കിയത്.

മരുമകന്‍ എനിക്ക് ഫോണ്‍ ചെയ്ത് ടിക്കറ്റ് എടുത്തിരുന്നോ എന്ന് ചോദിച്ചു. എങ്കില്‍ സമ്മാനം അമ്മാവന് തന്നെയാണെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കളിയാക്കരുതെന്നായിരുന്നു മറുപടി. പക്ഷേ, മരുമകന്‍ വിജയിയുടെ പേര് കാണിച്ചും നമ്പര്‍ കാണിച്ചും എന്നെ വിശ്വസിപ്പിച്ചു. അപ്പോഴെനിക്ക് തോന്നിയത് ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ന്നു പോയതു പോലെയായിരുന്നു. സമ്മാനം എങ്ങനെ ചെലവഴിക്കാമെന്ന് സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകാതെ എല്ലാവരും കൂടി ചേര്‍ന്ന് തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *