Your Image Description Your Image Description

അമേരിക്കക്കാർക്ക് ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു സാധനമാണ് മുട്ട. എന്നാൽ മുട്ടയുടെ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളെ സാരമായി ബാധിച്ചു. സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റ് പോലും താളം തെറ്റുന്ന സ്ഥിതിയിലാണ് മുട്ട വില ഉയരുന്നത്.

രണ്ട് മാസത്തിലേറെയായി മുട്ടയുടെ വില കൂടുകയാണ്. അത് ഉടൻ കുറയുമെന്ന് തോന്നുന്നുമില്ല. അമേരിക്കക്കാർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയിൽ മിക്കവരും പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താറുണ്ട്. അതിനാൽത്തന്നെയാണ് മുട്ടയുടെ വില കൂടുന്നത് ഇവിടുത്തുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് .

മുട്ടയുടെ വില കുതിച്ചുയരുന്നെങ്കിലും സ്റ്റോക്കുകൾ കുറഞ്ഞത് സൂപ്പർമാർക്കറ്റുകളെയും പ്രതിസന്ധിയിലാക്കി. ഒരു ഡസൻ മുട്ടയ്ക്ക് 10 ഡോളർ വരെയായി . ഇത് സാധാരണ വിലയുടെ മൂന്നിരട്ടി വരെയാണ്.

ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ ‘റെന്റ് എ ഹെൻ’ പ്രവണത വർദ്ധിച്ചുവരുന്നത് .
വർദ്ധിച്ചുവരുന്ന ചെലവുകൾ നികത്താൻ പലരും കോഴികളെ വളർത്താൻ തുടങ്ങി. തെക്കൻ കാലിഫോർണിയയിലെ ഒരു സായിപ്പ് , യോങ്മി കിം സ്വന്തം ആവശ്യത്തിനായി കുറച്ച് കോഴികളെ വളർത്താൻ തീരുമാനിച്ചു. ഇതിനർത്ഥം കോഴിയെ വാങ്ങുന്നുവെന്നല്ല, മറിച്ച്‌ വാടകയ്‌ക്കെടുക്കുകയാണ് ചെയ്‌തത്.

യോങ് രണ്ട് കോഴികളെയാണ് വാടകയ്‌ക്കെടുത്തത്. ‘കോഴി വളർത്തൽ എനിക്ക് പറ്റിയ ജോലിയാണോയെന്ന് പരീക്ഷിച്ചുനോക്കണം, അതിനാലാണ് ഈ രീതി പിന്തുടർന്നത്. രണ്ട് കോഴികളെയും അതിനാവശ്യമായ സാധനങ്ങളുമെല്ലാം അവർ തന്നുവെന്നാണ് ‘ – യോങ്മി പറഞ്ഞു.

‘എനിക്കറിയാവുന്ന ചിലരുടെ വീടുകളിൽ കോഴി വളർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അവർക്ക് ഒരുപാട് ജോലികളുണ്ട്. കോഴിയെ വളർത്താനുള്ള സാഹചര്യമെല്ലാം അവർ സ്വയം ഒരുക്കേണ്ടിവന്നു. അതിനാൽ കോഴിയെ വാടകയ്‌ക്കെടുക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നാണ് യോങ്മി പറഞ്ഞത് .

അമേരിക്കയിൽ കോഴികളെ വാടകയ്‌ക്കെടുക്കുന്നത് പുതിയ കാര്യമല്ല. ഒരു പതിറ്റാണ്ട് മുമ്പ് കർഷക ദമ്പതികൾ പെൻസിൽവാനിയയിൽ ‘റെന്റ് ദി ചിക്കൻ’ സ്ഥാപിച്ചതോടെയാണ് ഈ പ്രവണത തുടങ്ങിയതെന്ന്‌ പറയപ്പെടുന്നു.

അതിനുശേഷം ഈ പദ്ധതി വടക്കേ അമേരിക്കയിലുടനീളമുള്ള നാൽപ്പതിലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു. കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഈ പ്രവണത കുതിച്ചുയർന്നു. എന്നിരുന്നാലും, പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്‌ മുട്ടയിടുന്ന കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ഇത് മുട്ടകളുടെ വില കുത്തനെ വർദ്ധിക്കാൻ കാരണമായി.

ഉപയോക്താക്കൾക്ക് ദിവസേന എത്ര മുട്ട വാങ്ങാം എന്നതിൽ സൂപ്പർമാർക്കറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, പലചരക്ക് ബില്ലുകൾ കുറയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിച്ചത്. മാർച്ചിൽ മുട്ടയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം കൂടുതലായിരുന്നുവെന്ന് കോഴി കർഷകർ പറയുന്നു.
കോഴികളെ വാടകയ്ക്ക് നൽകുന്നവർ ഉപയോക്താക്കൾക്ക്‌ പല ഓപ്ഷനുകൾ നൽകാറുണ്ട്.

പ്രദേശവും ആവശ്യമുള്ള കോഴികളുടെ എണ്ണവും അനുസരിച്ച് വില വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ആറ് മാസത്തേക്ക് ഏകദേശം 500 മുതൽ 1,000 ഡോളർ വരെ നൽകേണ്ടിവരും. ഫാമിന് സമാനമായ രീതിയിൽ കോഴികൾക്കായി ‘മിനി ഹൗസ്’ പാക്കേജിലാണ് നൽകുന്നത് .

എളുപ്പത്തിൽ നീക്കാൻ കഴിയുന്ന തരത്തിൽ കോഴിക്കൂടിന്റെ അടിയിൽ ചക്രവും ഉണ്ടാകും. ഇത്തരത്തിൽ പിടക്കോഴിയെ വാടകയ്‌ക്കെടുത്താൽ മുട്ട തികച്ചും സൗജന്യമാണ്. രണ്ട് കോഴികൾക്ക് ആഴ്ചയിൽ 14 മുട്ടകൾ ഇടാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ മാർക്കറ്റിലെ മുട്ടയുടെ വിലയനുസരിച്ച് ലാഭവുമാണ്.

‘എന്റെ മകൻ കായിക താരമാണ്. നന്നായി മുട്ട കഴിക്കും. അതിനാലാണ് ഞാൻ കോഴികളെ വാടകയ്‌ക്കെടുത്തത്. മാത്രമല്ല കടയിൽ നിന്ന് വാങ്ങുന്ന മുട്ടകളുടെ രുചിയുമായി ഇതിനെ താരതമ്യം ചെയ്യണമെന്നും എനിക്ക് ശരിക്കും ആഗ്രഹമുണ്ടായിരുന്നു’- കോഴിയെ വാടകയ്‌ക്കെടുത്ത മറ്റൊരു സായിപ്പ് പറഞ്ഞതാണ് .

Leave a Reply

Your email address will not be published. Required fields are marked *