Your Image Description Your Image Description

കോഴിക്കോട് : ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് വഴി തൊഴിലും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും പി ടി എ റഹീം എംഎല്‍എ. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

‘പശ്ചാത്തല വികസനവും ടൂറിസം വളര്‍ച്ചയും’ എന്ന വിഷയത്തിലാണ് ആദ്യ ദിവസത്തെ സെമിനാര്‍ നടന്നത്. പശ്ചാത്തല വികസന മേഖലയിലുണ്ടായ വികസനങ്ങളിലൂടെയും ഡെസ്റ്റിനേഷന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, ടൂറിസം ക്ലബുകള്‍ തുടങ്ങിയവയിലൂടെയും പൊതുവായി വിനോദസഞ്ചാര മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി സെമിനാര്‍ വിലയിരുത്തി. കോവിഡാനന്തരം ലോകം കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടങ്ങളില്‍ ഒന്നായി കേരളം മാറിയതിനു പിന്നില്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ഉണ്ടെന്നും ഡിസൈന്‍ പോളിസിയിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുമെന്നും അഭിപ്രായമുയര്‍ന്നു.

സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി വി നിര്‍മലന്‍ അധ്യക്ഷത വഹിച്ചു. സെമിനാര്‍ നോഡല്‍ ഓഫീസര്‍ അബ്ദുല്‍ ഹക്കീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. കെ ടി ഐ എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കിനി, തെന്മല ഇക്കോ ടൂറിസം പ്രോജക്റ്റ് എക്‌സിക്യൂട്ടീവ് ഡി മനോജ് കുമാര്‍ എന്നിവര്‍ സെമിനാറില്‍ പാനലിസ്റ്റുകളായി. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോഓഡിനേറ്റര്‍ ശ്രീകല ലക്ഷ്മി മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *