Your Image Description Your Image Description

ലിസ്റ്റിൻ സ്റ്റീഫെനെതിരെ സാന്ദ്ര തോമസ് രംഗത്ത്. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിൽ ഒരു ഒറ്റുകാരനെ കാണുന്നുണ്ടെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

തമിഴ്നാട്ടിലെ വട്ടിപലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിന് വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്.

അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *