Your Image Description Your Image Description

ബീജിങ്: താരിഫ് യുദ്ധത്തിന് പിന്നാലെ ചൈന തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചൈനയിലെ ഫാക്ടറികളില്‍ പലതും പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ശമ്പള പ്രതിസന്ധിയും പിരിച്ചുവിടലും വ്യാപകമായതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം തുടങ്ങിയതെന്ന് ന്യൂസ്മാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. തീരുവ ഉയര്‍ത്തിയത് മൂലം കയറ്റുമതി താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കമ്പനികള്‍ക്ക് കയറ്റുമതിക്കായി വേണ്ടത്ര ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല.

ഷാങ്ഹായ്ക്ക് സമീപമുള്ള വ്യാവസായിക കേന്ദ്രങ്ങളിലും മംഗോളിയയിലും തൊഴിലാളി പ്രതിഷേധം ഉയര്‍ന്നുവന്നു. ടോങ്ലിയാവോ പോലുള്ള നഗരങ്ങളില്‍, ശമ്പളം ലഭിക്കാത്തതില്‍ നിരാശരായി തൊഴിലാളികള്‍ കെട്ടിടങ്ങളുടെ മുകളില്‍ കയറി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാങ്ഹായ്ക്ക് സമീപം എല്‍ഇഡി ലൈറ്റ് ഫാക്ടറിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജനുവരി മുതല്‍ ശമ്പളം ലഭിക്കാത്തതിനാല്‍ പ്രതിഷേധ പ്രകടനം നടത്തി. ഡാവോ കൗണ്ടിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അവിടെ ഒരു സ്പോര്‍ട്സ് ഗുഡ്സ് കമ്പനി ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു.

ചൈനയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിംജിയാങ് പ്രവിശ്യയിലെ നിംഗ്ബോ ഷുസാന്‍ തുറമുഖം ചൈനയുടെ കയറ്റുമതിയുടെ പ്രധാന ഹബ്ബുകളിലൊന്നാണ്. മിക്കതും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ ആദ്യ മൂന്നാഴ്ച ചരക്കുനീക്കത്തില്‍ 12-13 ശതമാനം കുറവുണ്ടായെന്ന് കോസ്‌കോ എന്ന ചൈനീസ് ഷിപ്പിംഗ് കമ്പനി വെളിപ്പെടുത്തി. ഏപ്രില്‍ അവസാനത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ചരക്കുനീക്കത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല തീരുവകളില്‍ നിന്നും ട്രംപ് പിന്നോട്ടു പോയി. പക്ഷേ ചൈനീസ് ഇറക്കുമതികളുടെ തീരുവകള്‍ അതേപോലെ നിലനിര്‍ത്തി, ബീജിംഗിനെ കൂടുതല്‍ ഒറ്റപ്പെടുത്തി. ചൈന തിരിച്ചും താരിഫ് യുദ്ധം തുടരുമ്പോള്‍, ചൈനയ്ക്ക് ഇളവ് നല്‍കാന്‍ ട്രംപും തയ്യാറാകുന്നില്ല.

യുഎസിലേക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇപ്പോള്‍ 245% വരെ തീരുവ നല്‍കണമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ 125% തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *