Your Image Description Your Image Description

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പാക് അധീന കശ്മീരിലെ ഭരണകൂടം. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നിര്‍ദേശിച്ചു.

നിയന്ത്രണരേഖയ്ക്കു സമീപത്തെ നിര്‍ണായക കേന്ദ്രങ്ങളായ നീലം, ഝലം, പൂഞ്ച്, ഹവേലി, കോട്‌ലി, ഭിംബര്‍ തുടങ്ങിയിടങ്ങളിലെ റോഡുകളില്‍ തടസ്സങ്ങളില്ലാതിരിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി സ്വകാര്യ സംവിധാനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ സിവില്‍ ഡിഫന്‍സ് സംവിധാനങ്ങളും കടുത്ത ജാഗ്രതയിലാണ്.

പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലേക്കും നിയന്ത്രണരേഖയ്ക്ക് സമീപത്തേക്കുമുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. കൂടാതെ, ആയിരത്തിലധികം മതപഠനശാലകള്‍ വ്യാഴാഴ്ച മുതല്‍ പത്തുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്. സൈനിക നടപടികളുണ്ടാകുന്ന പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറുകോടി രൂപയുടെ അടിയന്തര സഹായ ഫണ്ട് രൂപവത്കരിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *