Your Image Description Your Image Description

പണ്ട് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നവർ കൈയടക്കിവെച്ചിരുന്ന സെഗ്മെന്റ് ബജാജ് (Bajaj Auto) പിടിച്ചെടുത്ത് വളരെ നിസാരമായിട്ടാണ്. ചേതക് ഇവിയെന്ന (Chetak EV) ഒറ്റ സ്‌കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചാണ് നമ്മളെല്ലാം സ്നേഹത്തോടെ പൾസർ മുതലാളിയെന്ന് വിളിക്കുന്ന ബജാജ് ഈ നേട്ടങ്ങളെല്ലാം കൊയ്‌തിരിക്കുന്നത്. സാധാരണക്കാരിലേക്ക് അതിവേഗം കടന്നുചെല്ലാൻ രാജീവ് ബജാജിന്റെ ഇരുചക്ര വാഹന നിർമാണ കമ്പനിക്ക് ഇത്ര എളുപ്പമായിരുന്നോയെന്ന് വരെ പലരും ചിന്തിച്ചിട്ടുണ്ടാവും. പെട്രോൾ വില ഉയർന്ന് നിൽക്കുന്നതും ഓല പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ വരുത്തുന്ന ചില പിഴവുകളും കൃത്യസമയത്ത് മുതലെടുത്താണ് ബജാജ് ചേതക് ഇവി ജനഹൃദയങ്ങൾ കീഴടക്കിയത്. വലിയ പരസ്യങ്ങളോ വാചക കസർത്തുകളോ ഇല്ലാതെ ഇവി സെഗ്മെന്റ് തൂത്തുവാരിയ ചേതക് ഇവി കാലത്തിനൊത്ത് മാറാനും ശ്രമിക്കാറുണ്ട് കേട്ടോ. വേരിയന്റുകളിൽ വൈവിധ്യങ്ങൾ കൊണ്ടുവന്നാണ് കമ്പനി ആളുകളെ തൃപ്ത്തിപ്പെടുത്തിയത്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതുപുത്തനൊരു മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. ചേതക് 35 സീരീസ് മോഡലുകൾ പുറത്തിറക്കി ഏതാനും മാസങ്ങൾക്ക് ശേഷം ഇലക്ട്രിക് സ്‌കൂട്ടർ നിരയിലേക്ക് ഏറ്റവും താങ്ങാനാവുന്ന വേരിയന്റിനെയാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ബജാജ് ചേതക് 3503 എന്നുപേരിട്ടിരിക്കുന്ന ഇവിക്ക് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബജാജ് ചേതക് 35 സീരീസിലെ ടോപ്പ് മോഡലുകളുടെ അതേ ബാറ്ററി പായ്ക്കും പുതിയ ഷാസിയും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടൂവീലറിന് വില കുറവായതിനാൽ തന്നെ കുറച്ച് ഫീച്ചറുകൾ മാത്രമേ വാഗ്‌ദാനം ചെയ്യുന്നുള്ളൂ. എങ്കിലും റേഞ്ചും വിലയും തന്നെ ഹൈലൈറ്റാക്കിയിരിക്കുന്നതിനാൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഒപ്പം കച്ചോടവും ഡബിളാവാനാണ് സാധ്യത. ബജാജ് ചേതക് 3503 മറ്റ് 35 വേരിയന്റുകളിലെ അതേ അടിസ്ഥാന ആർക്കിടെക്ച്ചർ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. 3.5kWh ബാറ്ററി പായ്ക്കുള്ളതിനാൽ തന്നെ സിംഗിൾ ചാർജിൽ 155 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കുമെന്ന് ചുരുക്കം. ഉയർന്ന വേരിയന്റുകളിലെ അതേ ഷാസി ഉപയോഗിക്കുന്നതിനാൽ 3503 വേരിയന്റിന് വലിയ 35 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു. ആയതിനാൽ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ ഓട്ടോയൊന്നും വിളിക്കേണ്ട. ആവശ്യത്തിന് യൂട്ടിലിറ്റി സ്പേസ് ഉപയോഗിച്ചുകൊണ്ടാണ് പുതിയ ബജാജ് ചേതക് 3503 മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പക്ഷേ ചേതക് ഇവിയുടെ മറ്റ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ 3503 വേരിയന്റിന് മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. ഇക്കാര്യം കമ്പനി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ കക്ഷി പിശുക്കനാണ് കേട്ടോ. ചേതക് 3503 ഇലക്ട്രിക് സ്‌കൂട്ടറിൽ ബേസിക്കായ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ എൽസിഡി ഡിസ്‌പ്ലേയാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ചേതക് 35 മോഡലുകളെ അപേക്ഷിച്ച് കൂടുതൽ ചാർജിംഗ് സമയവും ആവശ്യമായി വരും. അതായത് 0-80 ശതമാനം ചാർജാവാൻ 3 മണിക്കൂർ 25 മിനിറ്റ് എടുക്കുമെന്നാണ് ഔദ്യോഗിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *