Your Image Description Your Image Description

മേയ് ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കണം, പുതിയ മാറ്റങ്ങളാണ് ബാങ്കിങ് മേഖലയിൽ വരുന്നത് . അതിൽ പ്രധാനം എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകൾ മേയ് ഒന്ന് മുതൽ നിലവിൽ വരുന്നതാണ് .

രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികൾ, അധിക ഇടപാടുകൾക്കുള്ള ചാർജുകൾ, ഇന്റർ എക്സ്ചേഞ്ച് ഫീസ് ഘടനകൾ എന്നിവയിൽ മാറ്റങ്ങൾ വരും. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകൾക്ക് അർഹതയുണ്ടായിരിക്കും. എന്നാലത് സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്തപ്പെട്ടിരിക്കും.

മെട്രോപോളിറ്റൻ നഗരങ്ങളിൽ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളിൽ അഞ്ച് എണ്ണവുമാണ് ഇനിയുള്ള സൗജന്യ ഇടപാടുകൾ. ഈ സൗജന്യ ഇടപാടുകളിൽ സാമ്പത്തിക ,സാമ്പത്തികേതര പ്രവർത്തങ്ങൾ ഉൾപ്പെടും. പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഉപഭോക്താക്കൾ ഓരോ ഇടപാടിനും 23 രൂപയും നികുതിയും നൽകേണ്ടിവരും.

ഈ നിരക്കുകൾ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ബാധകമാണ്. പണം സ്വയം നിക്ഷേപിക്കാൻ സാധിക്കുന്ന ക്യാഷ് റീസൈക്ലർ മെഷീനുകളിലെ ഇടപാടുകൾക്കും നിരക്ക് ബാധകമാണ്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവർ തങ്ങളുടെ ഉപഭോക്താൾക്ക് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചുകഴിഞ്ഞു.

സൗജന്യ പരിധി കഴിഞ്ഞാൽ എച്ച്ഡിഎഫ്സി ബാങ്കിന് 23 രൂപയും നികുതിയും മേയ് ഒന്ന് മുതൽ നൽകണം. നേരത്തെ ഇത് 21 രൂപയും നികുതിയുമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളിൽ സൗജന്യ പരിധിക്കപ്പുറം പണം പിൻവലിക്കുന്നതിന് മാത്രമേ നിരക്കുകൾ ഈടാക്കൂ എന്നും സാമ്പത്തികേതര ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

എന്നാൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ, സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ സൗജന്യ ഇടപാട് പരിധിയിൽ കണക്കാക്കും. ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, 2023 ജനുവരിയിൽ 57 കോടിയിലധികം രൂപയുടെ എടിഎം പിൻവലിക്കൽ നടന്നു. 2024 ജനുവരിയിൽ 52.72 കോടിയായി കുറഞ്ഞു. 2025 ജനുവരി ആയപ്പോഴേക്കും ഇത് 48.83 കോടിയായി കുറഞ്ഞു.

മെട്രോ പോളിറ്റൻ മേഖലകളിലുള്ളവർ എടിഎം ഉപയോഗം കൃത്യമായി ഓർത്തുവയ്ക്കുക. മറ്റ് ബാങ്ക് എടിഎം ഉപയോഗിക്കുന്നതും കൃത്യമായി ഓർത്തുവയ്ക്കുക. സൗജന്യ ഇടപാട് പരിധി കഴിഞ്ഞാൽ 23 രൂപയും നികുതിയും നൽകേണ്ടിവരും.

ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളിൽ നിന്ന് പണം പിൻവലിക്കുന്നവർക്ക് ഇത് ബാധകമാണ്. എന്നാൽ പണം നിക്ഷേപിക്കുന്നവർക്ക് നിരക്ക് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *