Your Image Description Your Image Description
Your Image Alt Text

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കെ.എസ്.ഇ.ബി. സബ്സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിന് റെയിൽവേ ലൈനിനു കുറുകേ ഫീഡർ ലൈൻ വലിക്കുന്നതിനുള്ള ജോലികൾ തുടങ്ങി.സബ്സ്റ്റേഷന്റെ ശേഷി 110 കെ.വി.യായി ഉയർത്തുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. റെയിൽവേ ലൈനിനു കുറുകേ ഫീഡർ ലൈൻ വലിക്കുന്നതിനുള്ള ജോലികളാണ് അവശേഷിച്ചിരുന്നത്. ഇതിനായി റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും തുടർ നടപടികൾ വൈകുകയായിരുന്നു.

ശാസ്താംകോട്ട സബ്സ്റ്റേഷനിൽനിന്ന്‌ ചക്കുവള്ളി, പതാരം, ഇടക്കുളങ്ങര വഴിയാണ് കരുനാഗപ്പള്ളി പുതിയകാവിലെ സബ്സ്റ്റേഷനിലേക്ക് ഫീഡർ ലൈൻ വലിക്കുന്നത്‌. ശാസ്താംകോട്ടമുതൽ പുതിയകാവുവരെ പ്രത്യേകം ടവറുകൾ സ്ഥാപിക്കുകയും ഫീഡർ ലൈൻ വലിക്കുകയും ചെയ്തു.
ഇടക്കുളങ്ങര വടക്കേ ലെവൽക്രോസിനു സമീപത്തുകൂടിയാണ് ഫീഡർ ലൈൻ കടന്നുപോകേണ്ടത്. റെയിൽവേയുടെ വൈദ്യുത ലൈൻ ഓഫാക്കി നൽകിയാൽ മാത്രമേ ഫീഡർ ലൈനുകൾ വലിക്കാനാകൂ.രണ്ട് സർക്യൂട്ടുകളിലായി മൊത്തം ഏഴു ലൈനുകളാണ് വലിക്കേണ്ടത്. കഴിഞ്ഞ ശനിയാഴ്ചമുതലാണ് ഇതിനായി റെയിൽവേയുടെ പവർ സപ്ലൈ ബ്ലോക്ക് വൈദ്യുത ലൈൻ ഓഫാക്കി നൽകിത്തുടങ്ങിയത്.

അധികം തീവണ്ടി സർവീസുകൾ ഇല്ലാത്ത സമയങ്ങളിലാണ് വൈദ്യുതി ഓഫാക്കി നൽകുക. അതിനാൽ രാത്രി പത്തിനും 12-നും ഇടയിലാണ് മിക്ക ദിവസങ്ങളിലും വൈദ്യുതി ഓഫാക്കി നൽകുന്നത്. ഈ സമയങ്ങളിൽ കരുനാഗപ്പള്ളി 66 കെ.വി. സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതിവിതരണവും നിർത്തിവയ്ക്കും. എന്നാൽ, ഏതെങ്കിലും തീവണ്ടി വൈകിയാൽ ജോലികൾ തടസ്സപ്പെടുകയും ചെയ്യും.

16.5 കോടി രൂപ ചെലവഴിച്ചാണ് കരുനാഗപ്പള്ളി സബ്സ്റ്റേഷന്റെ ശേഷി ഉയർത്തുന്നത്. പുതിയ ലൈനുകൾ വലിക്കുന്നതിന്റെയും സബ്സ്റ്റേഷന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഫീഡർ ലൈൻകൂടി എത്തിയാൽ സ്റ്റേഷന്റെ ശേഷി 110-ലേക്ക് ഉയരും. കരുനാഗപ്പള്ളി സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതിവിതരണത്തിന്റെ ശേഷിയും ഉയരും.

നിലവിൽ 10 എം.വി.എ. ശേഷിയുള്ള മൂന്ന് ട്രാൻസ്‌ഫോർമറുകളാണ് ഉള്ളത്. ഇതിനുപകരം 20 എം.വി.എ. ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളാണ് ഉണ്ടാകുക. ഇതോടെ സ്റ്റേഷന്റെ വൈദ്യുതിവിതരണശേഷി 40 എം.വി.എ.യായി ഉയരും. അതിവേഗം വളരുന്ന കരുനാഗപ്പള്ളി നഗരത്തിൽ ഉൾപ്പെടെ മെച്ചപ്പെട്ട രീതിയിൽ വൈദ്യുതി ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *