Your Image Description Your Image Description

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15-മത് റോസ്ഗര്‍ മേളയുടെ ഭാഗമായാണ് നിയമന ഉത്തരവ് വിതരണം ചെയ്തത്. ശനിയാഴ്ച സംഘടിപ്പിച്ച പടിപാടിയില്‍ ഓണ്‍ലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്. രാജ്യവ്യാപകമായി 47 ഇടങ്ങളില്‍ ഒരേസമയം പരിപാടി സംഘടിപ്പിച്ചു. സര്‍ക്കാര്‍ ജോലികളില്‍ സ്ഥിര നിയമനം ലഭിച്ച യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രാലയം, റെയില്‍വേ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസവകുപ്പ് തുടങ്ങി പ്രധാന വകുപ്പുകളിലേക്കാണ് 50,000 ലധികം പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. 2022 മുതല്‍ റോസ്ഗര്‍ മേളയിലൂടെ 10 ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരനിയമനം ലഭിച്ചതായാണ് കണക്കുകള്‍.

“നിങ്ങള്‍ക്ക് പുതുതായി ലഭിച്ച ചുമതലകളിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം, ആഭ്യന്തരസുരക്ഷ, ജനക്ഷേമം എന്നിവ ശക്തിപ്പെടുത്തണം. നിങ്ങള്‍ എത്രത്തോളം ആത്മാര്‍ഥത പ്രകടമാക്കുന്നുവോ അത്രത്തോളം വേഗത്തില്‍ വികസിത ഭാരതത്തിലേക്ക് നമ്മള്‍ പുരോഗതി കൈവരിക്കും”, മോദി അഭിസംബോധന പ്രസംഗത്തില്‍ പറഞ്ഞു. യുവജനങ്ങളെ ദേശീയ പുരോഗതിയുടെ ചാലക ശക്തിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയെ ആഗോള ശക്തിയായി മാറ്റുന്നതില്‍ യുവജനങ്ങള്‍ക്കുള്ള പങ്ക് ഊന്നിപ്പറയുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തില്‍ യുവജനങ്ങള്‍ ഭാഗഭാക്കുകളായാല്‍ ത്വരിതരാജ്യപുരോഗതി സാധ്യമാകുമെന്നും ഇന്ത്യയിലെ യുവത ഇപ്പോള്‍ അവരുടെ കഴിവുകള്‍ അത്തരത്തില്‍ പ്രകടമാക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

സ്വയംതൊഴില്‍ അവസരങ്ങളെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ആഗോളതലത്തില്‍ മികച്ച ഉത്പന്നങ്ങള്‍ സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ യുവതയെ പ്രാപ്തമാക്കുന്ന വിധത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍, ഫുട്‌വെയര്‍, ഖാദി, കുടില്‍വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ച് നമുക്ക് ഭാരതത്തിനെ വികസിതമാക്കാമെന്നും അതോടൊപ്പം സമൃദ്ധമാക്കാമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *