Your Image Description Your Image Description

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായ സംഭവത്തിൽ നടപടിക്കൊരുങ്ങി ഫെഫ്ക. ഇവരെ സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. ഇരുവർക്കുമെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിൽ പറഞ്ഞു. കഴിഞ്ഞമാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേരാണ് ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അറസ്റ്റിലായത്. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നത് ആരാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദ് കെ.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *