Your Image Description Your Image Description

കോട്ടയം; പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വ സഞ്ചാരമാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് ഒരുക്കിയിരിക്കുന്ന പവലിയൻ. പ്രദർശന സ്റ്റാളിന്റെ പ്രധാന കവാടത്തോടു ചേർന്നുള്ള വിശാലമായ പവലിയനിൽ കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഫോട്ടോകളിലൂടെയും എൽ.ഇ.ഡി. വാളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകളുടെ പ്രദർശനമാണ് തുടക്കത്തിൽ. തൊട്ടടുത്ത് വെച്ചിരിക്കുന്ന എൽ.ഇ.ഡി. സ്‌ക്രീനിൽ എല്ലാ രംഗത്തും സർക്കാർ കൈവരിച്ച നേട്ടങ്ങൾ വായിച്ചു മനസിലാക്കാം. ബോർഡിനു മുൻപിലെ സ്റ്റാൻഡിൽ വെച്ചിരിക്കുന്ന മാഗസിന്റെ താളുകൾ മറിക്കുമ്പോൾ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ എൽ.ഇ.ഡി. വാളിൽ തെളിയും. അതിൽനിന്ന് സംസ്ഥാനത്തെ അടുത്തറിയാം.

ഡിജിറ്റൽ ഭൂസർവേ, വിഴിഞ്ഞം തുറമുഖ പദ്ധതി, സ്റ്റാർട്ടപ്പ് കേരള, വാട്ടർ മെട്രോ, ഡിജിറ്റൽ കേരളം, ടൂറിസം വികസനം, കായിക വികസനം, പട്ടയ വിതരണത്തിലെ നേട്ടങ്ങൾ, ദുരന്തമുഖങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, കുടിവെള്ള പദ്ധതികൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിങ്ങനെ സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ സ്ഥിതിവിവരക്കണക്കുകൾ സഹിതം തുടർന്നുള്ള ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

വിവരങ്ങൾ അറിയുന്നതിനൊപ്പം ‘എന്റെ കേരളം’ മാഗസിന്റെ മുഖചിത്രമാകാൻ അവസരമൊരുക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഫോട്ടോയെടുത്ത് എന്റെ കേരളം എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യാം. ഗെയിം സോണും പവിലിയനിൽ ഒരുക്കിയിട്ടുണ്ട്.കാർഷികം, പട്ടയം, വിദ്യാഭ്യാസം, ആരോഗ്യം, വിദ്യാഭ്യാസം, നവകേരളം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും ഇവിടെയുണ്ട്. ഇവയിൽ ഏതിനേക്കുറിച്ചാണോ കൂടുതൽ അറിയേണ്ടത് ആ ഭാഗം അടിയിൽ വരത്തക്കവിധം സ്റ്റാൻഡിൽ ക്യൂബ് വെച്ചാൽ മതി; അതേക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ സ്‌ക്രീനിൽ തെളിയും. ലഹരിയോട് വിട പറയുക എന്ന ലക്ഷ്യത്തോടെ എൽ.ഇ.ഡി. സ്‌ക്രീനിൽ ഗെയിം സോണും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *