Your Image Description Your Image Description

വത്തിക്കാൻ സിറ്റി: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കണ്ണീരോടെ ലോകം വിട നൽകി. വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിൽ സംസ്കരിച്ചു. ലോകം മുഴുവൻ സമാധാനം പടരട്ടെയെന്ന് ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളും സമാധാന ചർച്ചകളുടെ വേദിയായി മാറി. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം തെറ്റിപ്പിരിഞ്ഞ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തുടങ്ങിവച്ച ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് റോമിൽ നിന്നും വൈറ്റ് ഹൗസിൽ നിന്നും പുറത്തുവരുന്നത്. ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്.

മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ്‌ ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, 130 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം വന്‍ നിരയാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി. ഉച്ചക്ക് ഒന്നരക്കാണ് സംസാകാര ചടങ്ങുകൾ ആരംഭിച്ചത്. പ്രാർഥനകൾക്കു ശേഷമാണ് സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്ന് വിലാപയാത്രയായി മൃതശരീരം സാന്താ മരിയ മേജർ ബസിലിക്കയിലേക്കു കൊണ്ടുപോയത്.

റോമിലെ പുരാതന ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഫോറി ഇംപീരിയാലിയും കൊളോസിയവും കടന്നായിരുന്നു യാത്ര. വഴിനീളെ ആയിരങ്ങൾ പ്രാർത്ഥനയുമായി കാത്തുനിന്നു. കൈയടിച്ചായിരുന്നു വിശ്വാസികൾ അദ്ദേഹത്തെ യാത്രയാക്കിയത്. പാവങ്ങളുടെ പാപ്പയായിരിക്കാൻ ആഗ്രഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സാന്താ മരിയ ബസലിക്കയിൽ അശരണരുടെ സംഘമുണ്ടായിരുന്നു. ‘ഫ്രാൻസിസ്കസ്’ (ഫ്രാൻസിസ് എന്നതിൻറെ ലത്തീൻ നാമം) എന്നു മാത്രമേ ശവകുടീരത്തിൽ എഴുതൂ. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമാണ് ഇതു രണ്ടും. ഞായറാഴ്ച രാവിലെ മുതൽ ജനങ്ങൾക്ക് ശവകുടീരം സന്ദർശിക്കാൻ അവസരമുണ്ടാകുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *