Your Image Description Your Image Description

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 23.75 കോടിക്ക് ടീമിലെത്തിയ താരം ടൂര്‍ണമെന്റില്‍ 8 മത്സരങ്ങളില്‍ നിന്ന് 22.5 ശരാശരിയിലും 139.17 സ്‌ട്രൈക്ക് റേറ്റിലും 135 റണ്‍സ് മാത്രമാണ് നേടിയത്. മോശം ഫോമിനെ തുടര്‍ന്ന് അടുത്തിടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വെങ്കിടേഷിന്റെ മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്. ഉയര്‍ന്ന മൂല്യമാണ് താരത്തിന്റെ മോശം ഫോമിന് കാരണമെന്നാണ് ആര്‍ പി സിംഗ് പറയുന്നത്.

”ഒരു കളിക്കാരനെ ഇത്രയും ഉയര്‍ന്ന വിലയ്ക്ക് ലേലത്തില്‍ തിരഞ്ഞെടുക്കുമ്പോള്‍, അയാളെ പ്രധാന കളിക്കാരനായോ അല്ലെങ്കില്‍ ഒരു ക്യാപ്റ്റന്‍സി മെറ്റീരിയലായോ വേണം പരിഗണിക്കാന്‍. എന്നാല്‍ ഇവിടെ വെങ്കിടേഷിനെ അത്തരത്തിലല്ല പരിഗണിച്ചത്. ലേല സമയത്ത് കൊല്‍ക്കത്തയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റായ സൂചന അദ്ദേഹത്തിന് ലഭിച്ചെന്ന് തോന്നുന്നു. വെങ്കിടേഷിനെ ഇപ്പോള്‍ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. ഏതൊരു കളിക്കാരനിലും ഫോം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷേ സാധാരണയായി, കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറും ഫോം ക്രമേണ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

നല്‍കിയ തുകയാണ് വെങ്കിടേഷിനെ അലട്ടുന്നത്. ഒരുപക്ഷേ അവന്‍ ചിന്തിക്കുന്നുണ്ടാകാം, ഇത്രയും വലിയ തുകയ്ക്ക് എന്നെ വാങ്ങിയതാണ്, എനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കണം, എന്റെ ടീമിനെ കപ്പിലേക്ക് കൊണ്ടുപോകണം. എന്നാൽ ആ അമിത പ്രതീക്ഷ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടാകാം. വെങ്കിടേഷിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നതും നന്നായിരിക്കും. ഒരു വിദേശ കളിക്കാരനെ കുറച്ചുകൊണ്ട് വെങ്കിടേഷ് അയ്യരെ ഓപ്പണര്‍ ആക്കുക. നരെയ്ന്‍ തീര്‍ച്ചയായും ടീമില്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു, കാരണം ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനങ്ങള്‍ പ്രധാനമാകും. അപ്പോള്‍ വെങ്കിടേഷിനും നരെയ്നും ഒരുമിച്ച് ഓപ്പണര്‍മാരായി കളിക്കാന്‍ കഴിഞ്ഞേക്കും. വെങ്കിടേഷിനെ ഓപ്പണറാക്കാനുള്ള സാധ്യതകള്‍ പരീക്ഷിച്ചു നോക്കേണ്ടതാണ്.” ആര്‍ പി സിംഗ് വ്യക്തമാക്കി.

അതേസമയം ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കാനിറങ്ങുകയാണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഈ സീസണില്‍ പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണയാണ്. ചണ്ഡീഗഢില്‍ കണ്ട ത്രില്ലര്‍ പോര് ഈഡന്‍ ഗാര്‍ഡനിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. 111 റണ്‍സ് പ്രതിരോധിച്ച് ചരിത്ര ജയം കുറിച്ച പഞ്ചാബിനെതിരെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത.

Leave a Reply

Your email address will not be published. Required fields are marked *