Your Image Description Your Image Description

ഇനി ഇലക്ട്രിക് വാഹനങ്ങളായിരിക്കും നിരത്തുകീഴടക്കുന്നതെന്ന് വാഹന പ്രേമികൾക്കിടയിൽ ഒരു സംസാരമുണ്ടെങ്കിലും ഇന്ത്യക്കാർ പൊതുവിൽ ഇ- വെഹിക്കിളുകൾ വാങ്ങാൻ മടി കാണിക്കുന്നവരാണോ? ആഗോള വാഹന വിപണി ഇലക്‌ട്രിക്കിലേക്ക് വഴി മാറുമ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത് വാങ്ങുന്നവർ കുറവാണ്. എന്തായിരിക്കും പൊതുവിൽ ഇലക്ട്രിക് വാഹനങ്ങളോട് ഒരു അകൽച്ച തോന്നുന്നതിനു കാരണം. പെട്രോൾ, ഡീസൽ എൻജിനുകളെ പല പ്രധാന വാഹന നിർമാണ കമ്പനികളും ഇന്ന് പൂർണമായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഹൈബ്രിഡ് അല്ലെങ്കിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബിഇവികൾ) ആണ് പരമ്പരാഗത ജ്വലന എഞ്ചിനുകളുടെ സ്ഥാനത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മറ്റ് വികസിത വിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ ഈ പരിവർത്തനം വളരെ സാവധാനത്തിലാണ് എന്ന് തന്നെ പറയാം.

ഇന്ത്യയിലെ വലിയൊരു ശതമാനം വാഹന ഉപഭോക്താക്കളും ഐസിഇ വാഹനങ്ങളിൽ നിന്ന് ഇവികളിലേക്കുള്ള മാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. അതിനാൽ, പാസഞ്ചർ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ഇവികളുടെ വ്യാപനം പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആഗോള കൺസൾട്ടിങ് സ്ഥാപനമായ ഡെലോയ്റ്റ്, ഈ വർഷത്തെ ആഗോള ഓട്ടോമോട്ടീവ് ഉപഭോക്തൃ റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഐസിഇയിൽ നിന്ന് ഇവികളിലേക്ക് മാറാൻ ഇന്ത്യക്കാർ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ഈ സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളെ ഇവികളിലേക്ക് മാറുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന കാരണങ്ങളായി പറയുന്നത് ഇതൊക്കെയാണ്

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം തിരഞ്ഞെടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്ന ഏറ്റവും വലിയ കാരണം ചാർജിങ്ങ് ആണ്. ഉപഭോക്താക്കളിൽ ഏകദേശം 39 ശതമാനം പേരും ബാറ്ററിയുടെ ദീർഘമായ ചാർജിങ്ങ് സമയത്തെക്കുറിച്ച് ആശങ്കാകുലരാണ്. അതുപോലെ, രാജ്യത്ത് പൊതു ചാർജിങ്ങ് സൗകര്യങ്ങളുടെ അഭാവം കാരണം 38 ശതമാനം പേർ ഇവി തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നില്ല.

പൊതു ചാർജിങ്ങ് സ്റ്റേഷനുകൾക്ക് പുറമേ, ഇന്ത്യയിലെ വീടുകളിൽ ഇലക്ട്രിക് വാഹനങ്ങൾ വീട്ടിൽ തന്നെ റീചാർജ് ചെയ്യാവുന്ന ശരിയായ വാൾ ബോക്സ് ചാർജർ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും ഇല്ല. ഏകദേശം 27 ശതമാനം പേർ ശരിയായ ഹോം ചാർജറിന്റെ അഭാവത്തെ ഭയപ്പെടുന്നു. ഇവികൾ ചാർ‌ജ്ജ് ചെയ്യുന്നതിൽ സോളാർ പാനലുകൾ പോലുള്ള വൈദ്യുതോർജ്ജത്തിന്റെ ബദൽ സ്രോതസ്സുകളുടെ അഭാവവും മറ്റൊരു കാരണമാണ്.

പരമ്പരാഗത ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഇവികളുടെ ഉയർന്ന പ്രാരംഭ വിലയിൽ ഏകദേശം 32 ശതമാനം ഇന്ത്യക്കാരും നിരാശരാണ് എന്നാണ് ഡെലോയ്റ്റ് റിപ്പോർട്ട് പറയുന്നത്. ഒരു ഇവിയുടെ മൊത്തം ചെലവിന്റെ ഏകദേശം 60 ശതമാനവും ബാറ്ററിയുടെ വിലയാണ്. കൂടാതെ, ഇവികളിലെ പല ഘടകങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇത് ഇവികളുടെ വില വർധിപ്പിക്കുന്നു. 31 ശതമാനം ഉപയോക്താക്കളും ബാറ്ററി മാറ്റി സ്ഥാപിക്കാനുള്ള ചെലവ് വഹിക്കാൻ ഉദ്ദേശിക്കുന്നുമില്ല.

ചാർജിങ്ങും മറ്റ് പതിവ് മെയിന്റനെൻസുകളും ഒരു ഇലക്ട്രിക് വാഹനത്തിന്റെ ശരാശരി പ്രവർത്തനച്ചെലവ്, ഐസിഇ വാഹനങ്ങളേക്കാൾ കൂടുതലായിരിക്കുമെന്നാണ് 28 ശതമാനം ഉപയോക്താക്കളും വിശ്വസിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ചുമത്തുന്ന അധികനികുതികൾ സാധാരണ ഐസിഇ വാഹനങ്ങളേക്കാൾ കൂടുതൽ ചെലവ് വരുത്തുമെന്ന് ഒരു വിഭാഗം ഉപഭോക്താക്കൾ ഭയപ്പെടുന്നു.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് റേഞ്ച് ആങ്സൈറ്റി. ഏകദേശം 35 ശതമാനം ഉപയോക്താക്കളും വാഹന നിർമാതാക്കൾ അവകാശപ്പെടുന്ന റേഞ്ചിൽ വിശ്വസിക്കുന്നില്ല. കാരണം, ഒരു പ്രത്യേക സ്ഥലത്തുവെച്ച് കമ്പനി പരീക്ഷിച്ചതിനേക്കാൾ പലപ്പോഴും കുറവാണ് യഥാർത്ഥ റേഞ്ച്. തണുത്ത കാലാവസ്ഥയും ഉയർന്ന ഉയരവും പോലുള്ള ഘടകങ്ങൾ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചിനെ ഗണ്യമായി ബാധിച്ചേക്കാമെന്ന ആശങ്കയുള്ളതിനാൽ ഉപയോക്താക്കൾ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാൻ മടിക്കുന്നു.

കൂടാതെ, ഇന്ത്യയിൽ ചാർജിങ്ങ് സൗകര്യങ്ങളുടെ ലഭ്യത പ്രാരംഭഘട്ടത്തിലായതിനാൽ, ദീർഘദൂര യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവികൾ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് തോന്നിയേക്കാം. സർവേയിൽ പങ്കെടുത്ത 22 ശതമാനം പേരും ഇവികൾ ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പരിമിതമായ റേഞ്ചും ചാർജിങ്ങ് സംവിധാനങ്ങളുടെ കുറവും ദീർഘദൂര യാത്രകളിൽ ഇവികളെ വിശ്വസനീയമല്ലാതാക്കുന്നു.

കൂടാതെ, ആധുനിക സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നതിലുള്ള പരിജ്ഞാനമില്ലായ്മ പ്രധാന കാരണമാണ്. ഇന്ത്യയിൽ ഇവി വാങ്ങാൻ പണമുള്ളവർ, സാധാരണയായി 50 വയസ്സിനു മുകളിലുള്ളവർ തങ്ങളുടെ വാഹനങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഇഷ്ടപ്പെടുന്നില്ല. ഏകദേശം 29 ശതമാനത്തോളം ഉപഭോക്താക്കൾ ഇങ്ങനെ ഉള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *