Your Image Description Your Image Description

കോഴിക്കോട്: ഭര്‍ത്തൃവീട്ടിനുള്ളില്‍ പ്രവേശിക്കാനുള്ള കോടതി ഉത്തരവുമായിട്ട് വന്നിട്ടും രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടി വന്ന് സ്ത്രീ. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട മൂലാട് അങ്കണവാടിക്ക് സമീപമുള്ള എടയാടിക്കണ്ടി വീട്ടിലാൽ പാറക്കണ്ടി സജീവന്റെ ഭാര്യയും കോട്ടയം പൊന്‍കുന്നം സ്വദേശിയുമായ ലിജി സജി രണ്ടുദിവസം തള്ളിനീക്കുകയായിരുന്നു. ഒടുവില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പിന്‍വാതില്‍ തുറന്നാണ് വെള്ളിയാഴ്ച വൈകീട്ട് ലിജി അകത്തുകയറിയത്. അപ്പോഴും വീടിനുള്ളിലെ മറ്റു മുറികളെല്ലാം പൂട്ടിയനിലയിലാണ്.

ഗാര്‍ഹികപീഡന പരാതിയുമായി പേരാമ്പ്ര കോടതിയെ സമീപിച്ച ലിജിക്ക് ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന വീട്ടില്‍ താമസിക്കാമെന്ന് 2023 ഒക്ടോബര്‍ 19-ന് ഉത്തരവ് ലഭിച്ചിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവ് നടപ്പാക്കാനായി ഇടപെടണമെന്നും വിധിയിലുണ്ട്. എന്നാല്‍, ഈ ഉത്തരവ് വന്നതിനുശേഷം ഭര്‍ത്താവ് സജീവന്‍ വീട് സഹോദരന്‍ ബിജുവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്ത് നല്‍കി. ലിജിയുടെ പണംകൂടി ഉപയോഗിച്ച് വാങ്ങിയ വീടാണിത്. മുന്‍പൊരു തവണ കോടതി ഉത്തരവുമായി എത്തിയിട്ടും ബന്ധുക്കള്‍ വീട്ടില്‍ക്കയറാന്‍ അനുവദിച്ചിരുന്നില്ല.

പഞ്ചാബിലെ ലുധിയാനയിലായിരുന്ന ലിജി തിങ്കളാഴ്ചയാണ് പേരാമ്പ്രയിലെത്തിയത്. വീട് പൂട്ടിക്കിടക്കുന്ന നിലയിലായതിനാല്‍ വീട്ടില്‍ക്കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, പോലീസിനെ വിവരമറിയിച്ചു. വ്യാഴാഴ്ച രാത്രി പോലീസിന്റെ സാന്നിധ്യത്തില്‍ ലിജി വീടിന്റെ പൂട്ടുപൊളിച്ച് വരാന്തയിലെത്തി. താക്കോല്‍ ലഭിക്കാത്തതിനാല്‍ വീടുതുറന്ന് അകത്ത് പ്രവേശിക്കാനായില്ല. മതിയായ ഭക്ഷണംപോലും ലഭിക്കാതെ പഴങ്ങളൊക്കെ കഴിച്ചാണ് ഹൃദ്രോഗികൂടിയായ ലിജി വിശപ്പടക്കിയത്.

പഞ്ചാബിലെ ലുധിയാനയില്‍ നഴ്സായിട്ടായിരുന്നു ലിജിക്ക് മുന്‍പ് ജോലി. പഞ്ചാബിലെത്തിയ സജീവനുമായി പരിചയപ്പെട്ട് 28 വര്‍ഷം മുന്‍പാണ് വിവാഹിതരായതെന്ന് ലിജി പറഞ്ഞു. ഇവര്‍ക്ക് ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്ന ഒരു മകളുണ്ട്. ലിജിയുടെ സഹായത്തോടെ സജീവന് പഞ്ചാബില്‍ ജോലി ലഭിക്കുകയുംചെയ്തു. 12 വര്‍ഷം മുന്‍പാണ് സജീവന്‍ അമേരിക്കയിലേക്ക് പോയത്. ഇവിടെ ബിസിനസാണ്. നാട്ടില്‍ വരുമ്പോള്‍മാത്രമാണ് മൂലാട്ടേക്ക് എത്തിയിരുന്നത്.

അമേരിക്കയിലെ മറ്റൊരു യുവതിയുമായി സജീവന് അടുപ്പമുണ്ടെന്ന് ലിജിക്ക് വിവരം ലഭിച്ചതോടെയാണ് മൂന്നുവര്‍ഷം മുന്‍പ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍വീണത്. ഇതിനുശേഷം വീട് നല്‍കണമെന്നും ചെലവിന് ലഭിക്കണമെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്. സജീവനും അമേരിക്കയില്‍നിന്ന് യുവതിയും നാട്ടിലെത്തിയെന്ന് വിവരംലഭിച്ചപ്പോഴാണ് ലുധിയാനയില്‍നിന്ന് ലിജി മൂലാട് എത്തിയത്. പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും താക്കോല്‍ ലഭിച്ചില്ല. തുടര്‍ന്നാണ് പോലീസ് സഹായത്തോടെ പൂട്ടുപൊളിച്ച് കയറേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *