Your Image Description Your Image Description

ബെ​ഗംളുരുവിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയുടെ വരുമാനവും ചെലവുകളും സംബന്ധിച്ച വെളിപ്പെടുത്തലാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. പ്രതിമാസം എഴുപതിനായിരം രൂപയോളം താൻ ചെലവഴിക്കുന്നുണ്ടെന്നും ഒരുലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നുമാണ് യുവതി പറയുന്നത്. എന്നാൽ, യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്താണ് യുവതിയുടെ ജോലിയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ചർച്ചകളാണ് സൈബറിടങ്ങളിൽ ഉയരുന്നത്. താൻ നന്നായി പണം ചിലവഴിച്ചാണ് ജീവിക്കുന്നതെന്നും എന്നാൽ, ദുശ്ശീലങ്ങളൊന്നുമില്ലെന്നും യുവതി പറയുന്നുണ്ട്.

തനിക്ക് കുറച്ച് അധികം ചെലവഴിക്കുന്ന ശീലങ്ങൾ ഉണ്ടെങ്കിലും ഒരു ലക്ഷം ലാഭിക്കുന്നുണ്ടെന്നും അതെങ്ങനെയെന്നും അവർ വിശദീകരിക്കുന്നു. ബെംഗളൂരുവിൽ തനിച്ചാണ് താമസം, എങ്കിലും എനിക്ക് പ്രതിമാസം 70000 രൂപ ചെലവ് വരുന്നുണ്ട്. താൻ സ്വതന്ത്രമായി ജോലി ചെയ്യുന്നയാളാണ്. വൺ ബിഎച്ച്കെ ഫ്ലാറ്റിലാണ് താമസം. അതിന് 27000 രൂപ മാസ വാടകയുണ്ട്. നെറ്റ്ഫ്ലിക്സിന് 199 രൂപ, ക്ലോഡ് പ്രോയ്ക്ക് 2,000 രൂപ, ഭക്ഷണത്തിന് 15,000 രൂപ, പുറത്ത് ഭക്ഷണം കഴിക്കാൻ 10,000 രൂപ, വെള്ളത്തിന്റെ ബിൽ 499 രൂപ, വൈദ്യുതിക്ക് 700 രൂപ, എല്ലാ മാസവും മാതാപിതാക്കൾക്ക് സമ്മാനങ്ങളോ സാധനങ്ങളോ വാങ്ങാൻ 10,000 രൂപ, കൃത്യമായൊരു കണക്കല്ലെങ്കിലും മാസം 70000 രൂപ ചെലവ് വരുന്നുണ്ട്.

എന്നിട്ടും ഒരു ലക്ഷം രൂപ എനിക്ക് ലാഭിക്കാൻ കഴിയുന്നുണ്ട്. ഇതിൽ കൂടുതൽ നീക്കിയിരിപ്പ് ഉണ്ടാക്കാൻ എനിക്ക് കഴിയുമെന്ന് അറിയാം. പക്ഷെ പണം ലാഭിക്കാൻ വേണ്ടി എന്റെ ഈ കൗമാരത്തിൽ കഷ്ടപ്പെട്ട് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കുറിക്കുന്നു. താൻ മദ്യപിക്കുകയോ പുകവലിക്കുകയോ പാർട്ടി നടത്തുകയോ ചെയ്യാറില്ലെന്നും എന്നാൽ, അമ്മയ്ക്കും അച്ഛനും വേണ്ടി ചെലവഴിക്കാനും നല്ല ഭക്ഷണം ആസ്വദിക്കുന്നതും എനിക്ക് ഇഷ്ടമാണെന്നും യുവതി പറയുന്നു.

പതിവുപോലെ 23-ാം വയസിൽ ഇത്രയും ശമ്പളമുള്ള ജോലി എന്താണെന്നുള്ള ജിജ്ഞാസയായിരുന്നു മിക്കയാളുകളും പങ്കുവച്ചത്. തനിക്ക് ഒരു വർഷം തന്നെ നിരവധി ജോലി മാറ്റങ്ങൾ ഉണ്ടായപ്പോഴാണ് ഇങ്ങനെ ലഭിച്ചതെന്ന് യുവതിയുടെ മറുപടി. നിങ്ങൾ ഏതോ വലിയ കോളേജിൽ നിന്നാണ് പഠിച്ചിറങ്ങിയതെന്ന് മറ്റൊരാളുടെ പ്രതികരണം. എന്നാൽ ഞാൻ വിഐടി പോലൊരു സ്ഥാപനത്തിലാണ് പഠിച്ചതെന്ന് യുവതി. നിങ്ങളുടെ കോളേജും നിങ്ങളുടെ സാലറി പാക്കേജും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് കൂടി അവർ കുറിച്ചു.

അതേസമയം, യുവതിയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേരാണ് രം​ഗത്തെത്തിയത്. യുവതി തന്റെ ശമ്പളത്തിന്റെ പകുതിയിലേറെ സമ്പാദിക്കുന്നുണ്ട് എന്ന കാര്യം ചിലർ ചൂണ്ടിക്കാട്ടുന്നു. പിന്നെ എന്താണ് നിങ്ങളെ കുറ്റപ്പെടുത്താനുള്ളത് എന്നായിരുന്നു ഇക്കൂട്ടർ യുവതിയോട് ചോ​ദിക്കുന്നത്. അതേസമയം, യുവതിയെ വിമർശിക്കുന്നവരും കുറവല്ല. യുവതി പറയുന്നത് കള്ളമാണെന്ന് പറയുന്നവരുമുണ്ട്. ഇത് കള്ളമാണെന്നും 23-ാം വയസിൽ ഇത്രയും സമ്പാദിക്കുന്ന നിങ്ങൾ സംഭവമാണെന്നും അടക്കം പറഞ്ഞ് ചിലർ പരിഹാസവുമായും എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *