Your Image Description Your Image Description

കുറഞ്ഞ കാലയളവില്‍ തന്നെ ഇന്ത്യയിലെ വാഹന വിപണിയില്‍ നിര്‍ണായക ശക്തിയായി മാറിയ കമ്പനിയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ കിയ മോട്ടോഴ്‌സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ 15 ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന നേട്ടമാണ് കിയ സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് കിയ മോട്ടോഴ്‌സിന്റെ വാഹന നിര്‍മാണശാല പ്രവർത്തിക്കുന്നത്. ഈ പ്ലാന്റിലാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കിയ കാരന്‍സിന്റെ നിര്‍മാണത്തിലൂടെയാണ് 15 ലക്ഷം എന്ന മാജിക് നമ്പര്‍ കിയ തികച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ലോകത്താകമാനമുള്ള 90 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. കിയയുടെ അനന്തപുരിലെ പ്ലാന്റില്‍ നിന്നും ഇതുവരെ 7,00,668 സെല്‍റ്റോസ് മിഡ് സൈസ് എസ്‌യുവി നിര്‍മിച്ചിട്ടുണ്ട്. അതായത് ഈ പ്ലാന്റില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളുടെ 46.8% സെല്‍റ്റോസ് ആണ്. കോംപാക്ട് എസ്‌യുവിയായ സോണറ്റിന്റെ 5,19,064 യൂണിറ്റും കാരന്‍സ് എംപിവിയുടെ 2,41,582 യൂണിറ്റും കാരന്‍സ് പ്രീമിയം എംപിവി മോഡല്‍ 16,172 യൂണിറ്റുമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. കിയ ഏറ്റവുമൊടുവില്‍ നിരത്തുകളില്‍ എത്തിച്ച സിറോസിന്റെ 23,036 യൂണിറ്റും ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

536 ഏക്കറില്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള സംവിധാനമുണ്ടെന്നാണ് വിലയിരുത്തല്‍. സെല്‍റ്റോസ്, സോണറ്റ്, കാരന്‍സ്, കാര്‍ണിവല്‍, സിറോസ് തുടങ്ങിയ ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളും ഇവി6 എന്ന ഇലക്ട്രിക് എസ്‌യുവിയുമാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പ്രാദേശികമായി ഏറ്റവും വേഗത്തില്‍ 15 ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതിയാണ് ഈ നേട്ടത്തിലൂടെ കിയ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. നേട്ടം സ്വന്തമാക്കിയ പശ്ചാത്തലത്തിൽ കിയ മോട്ടോഴ്‌സിന്റെ എംപിവി മോഡലായ കാരന്‍സിന്റെ പുതിയ വാഹനത്തിന്റെ അവതരണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *