Your Image Description Your Image Description

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.

കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമെന്നാണ് വിവരം. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും. മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെൻ ഡൗൺ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസിൽ ക്ലീൻ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കോടതി വിലയിരുത്തി. വരവിൽ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *