Your Image Description Your Image Description

ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ വീണ്ടും പാകിസ്ഥാൻ്റെ ഭീഷണി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും പറഞ്ഞു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. എന്നാൽ ഇന്ത്യൻ നദികളിലെ വെള്ളം ഇനി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി സി. ആര്‍ പാട്ടീല്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി സുപ്രധാന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. അതേസമയം ഇന്ത്യയുമായും പാകിസ്ഥാനുമായും സമ്പർക്കത്തിലാണെന്ന് പ്രതികരിച്ച ഡോണൾഡ് ട്രംപ്, ഭീകരാക്രമണത്തെ കശ്‌മീർ തർക്കത്തോട് ചേർത്ത് വ്യാഖ്യാനിച്ചും. മോശം ആക്രമണമാണ് ഇത്തവണ നടന്നതെന്നും ട്രംപ് പറഞ്ഞു.

അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകൾ കശ്‌മീരിൽ തകർത്തു. പുൽവാമയിലാണ് അഹ്സാൻ ഉൾ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിൽ ഇൻറലിജൻസ് വിവരവും അന്വേഷണവും പാകിസ്ഥാൻ്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമർനാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തെ വിനോദ സഞ്ചാര മേഖല സുരക്ഷിതമെന്ന് വിദേശ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തടയുന്ന മാർഗനിർദ്ദേശങ്ങൾ നൽകരുതെന്ന് രാജ്യങ്ങളോട് ഇന്ത്യ അഭ്യർത്ഥിച്ചു. അമേരിക്കയും, ബ്രിട്ടണും മാർഗ നിർദ്ദേശങ്ങൾ നൽകിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *