Your Image Description Your Image Description

ടെസ്‌ലയെ തകര്‍ത്താണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി ലോകത്തുടനീളമുള്ള വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. സ്വന്തമായി പ്ലാന്റ് നിര്‍മിക്കാനുള്ള അനുമതി നിഷേധിച്ചിട്ടുണ്ടെങ്കില്‍ പോലും ഇന്ത്യയിലെ ഉപയോക്താക്കളും ഏറെ ഇഷ്ടപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് ബിവൈഡി. ഇത് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ഉപയോക്താക്കള്‍. ഒരു ദിവസം 51 ബിവൈഡി സീലിയോണ്‍ 7 ഇലക്ട്രിക് എസ്‌യുവികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചിയിലെ ബിവൈഡി വിതരണക്കാരായ ഇവിഎം.

അടുത്തിടെ വിപണിയില്‍ എത്തിയ സീലിയോണ്‍ 7-ന് നിരവധി ബുക്കിങ്ങുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ഉപയോക്താക്കള്‍ക്കും വാഹനം ഒരുമിച്ച് കൈമാറാന്‍ തീരുമാനിച്ചത്. മെഗാ ഡെലിവറി ഇവന്റ് സംഘടിപ്പിച്ചാണ് ഈ വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 51 പ്രീമിയം ഇലക്ട്രിക് കാറുകളുടെ വിതരണം നടത്തിയതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഇവിഎം ബിവൈഡിയെ തേടി എത്തിയിരിക്കുകയാണ്. പ്രീമിയം, പെര്‍ഫോമെന്‍സ് എന്നീ രണ്ട് വേരിയന്റുകളിലാണ് സീലിയോണ്‍ 7 ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് ആണ് ഇരുമോഡലിലും ഉള്ളത്. ലിഥിയം ഫോസ്ഫറേറ്റ് ബ്ലേഡ് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. പ്രീമിയം വേരിയന്റ് റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ്.

313 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. 530 എച്ച്പി പവറും 690 എന്‍എം ടോര്‍ക്കുമാണ് ഇതിലെ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. സീലിയോണ്‍ 7-ന്റെ പ്രീമിയം മോഡല്‍ 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം, പെര്‍ഫോമെന്‍സ് പതിപ്പിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ട സമയം 4.5 സെക്കന്റാണ്. പ്രീമിയം വേരിയന്റിന് ഒറ്റച്ചാര്‍ജില്‍ 567 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നതെങ്കില്‍ പെര്‍ഫോമെന്‍സ് വേരിയന്റില്‍ ഇത് 542 കിലോമീറ്ററാണ്. ഇന്ത്യയില്‍ 48.90 ലക്ഷം രൂപ മുതല്‍ 54.9 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *