Your Image Description Your Image Description

ചെന്നൈ: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ തീരുമാനിച്ച് പുതുച്ചേരി സർക്കാർ. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും കൂടും.

മദ്യത്തിന്റെ എക്സൈസ് തീരുവയും അഡിഷണൽ എക്സൈസ് തീരുവയും സ്പെഷ്യൽ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും.

തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുക. ഒമ്പതു വർഷത്തിനു ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും അതു നിലവിൽ വന്നാലും മദ്യവില അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഈ വർഷത്തെ ബജറ്റിൽ പുതുച്ചേരിയിൽ അവതരിപ്പിച്ച സാമൂഹിക ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി-ബിജെപി സർക്കാർ തീരുവകൾ കൂട്ടുന്നത്. കുടുംബനാഥകൾക്കുള്ള പ്രതിമാസ സഹായധനം 2,500 രൂപയായി വർധിപ്പിച്ച സർക്കാർ വയോജന പെൻഷനിൽ 500 രൂപയുടെ വർധന വരുത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കു പുറമേ കോളേജ് വിദ്യാർഥികൾക്കും ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷം 350 രൂപയുടെ അധിക ബാധ്യതയാണ് ഇതുകാരണം സർക്കാരിനുണ്ടാവുക. തീരുവകൾ വർധിപ്പിച്ചതിലൂടെ 300 കോടി രൂപ അധികം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *