Your Image Description Your Image Description

അമേരിക്കൻ ഫെഡറൽ കോടതി ക്രോം ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യത്തിൽ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്. ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഈടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.

എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്‌ക്കെതിരെ മൊഴി നൽകാനാണ് അമേരിക്കൻ നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയിൽ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ പെർപ്ലെക്സിറ്റി എഐ ഡിഫോൾട്ട് എഐ അസിസ്റ്റന്റ് ആക്കി സെറ്റ് ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് നാവിഗേഷൻ എത്രത്തോളം സങ്കീർണമാണെന്ന് ഷെവലെൻകോ കോടതിയിൽ വിശദീകരിച്ചു. ഡിഫോൾട്ട് അസിസ്റ്റന്റ് സെറ്റ് ചെയ്താലും ഹേയ് ഗൂഗിള്‍ പോലുള്ള വേക്ക് വേർഡ് ഉപയോഗിച്ച് പെർപ്ലെക്സിറ്റി അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാൻ ആൻഡ്രോയിഡ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൂഗിളുമായി കരാറിലുള്ള ഫോൺ നിർമാതാക്കളുമായി പെർപ്ലെക്സിറ്റി എഐയെ ഫോണിലെ ഡിഫോൾട്ട് എഐ അസിസ്റ്റന്റ് ആക്കുന്നതിന് കരാറിലേർപ്പെടുന്നത് വലിയ പ്രയാസമാണെന്നും അദ്ദേഹം ആരോപിച്ചു.

ഗൂഗിളിനെ എതിർത്ത് തങ്ങളുമായി കരാറിലേർപ്പെട്ടാൽ ഗൂഗിള്‍ കമ്പനികൾക്കുള്ള ലാഭവിഹിതം തടയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ടെന്നും ഷെവലെൻകോ ആരോപിക്കുന്നു. ഗൂഗിളിന്റെ വ്യവസ്ഥകളിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസമുള്ളതിനാൽ കമ്പനികൾക്ക് സമ്മതമാണെങ്കിൽ പോലും പെർപ്ലെക്സിറ്റിയെ ഡിഫോൾട്ട് അസിസ്റ്റന്റാക്കാൻ മാർഗമില്ലെന്നും ഷെവലെൻകോ പറഞ്ഞു. അതേസമയം, പെർപ്ലെക്സിറ്റി എഐയെ ഡിഫോൾട്ട് എഐ അസിസ്റ്റന്റായി സെറ്റ് ചെയ്യുന്നതിന് സാംസങ്ങ്, മോട്ടോറോള എന്നീ കമ്പനികളുമായി പെർപ്ലെക്സിറ്റി കരാറിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ നിലവിൽ വന്നാൽ ജെമിനൈ എഐയുടെ സ്ഥാനത്താണ് പെർപ്ലെക്സിറ്റി എഐ എത്തുക. പെർപ്ലെക്സിറ്റിയെ പോലെ ക്രോം വാങ്ങാൻ താത്പര്യം അറിയിച്ച് ഓപ്പൺ എഐയും രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *