Your Image Description Your Image Description

പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയുന്നതിനായി ദുബായിൽ പുതിയ നിയമം. ഇനിമുതൽ പകർച്ചവ്യാധിയുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തുമെന്ന പുതിയ നിയമമാണ് പാസാക്കിയത്. പൊതു ജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് പുതിയ നിയമം വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങി ശുചിത്വ നടപടികളും കർശനമായി പാലിക്കണം. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ഹെൽത്ത് അതോറിറ്റി, മുനിസിപ്പാലിറ്റി, എൻവയോൺമെന്‍റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, അക്കാദമിക് ഹെൽത്ത് കോർപറേഷൻ, കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗബാധയുള്ളവരോ രോഗബാധ സംശയിക്കുന്നവരോ യാത്ര ചെയ്യാന്‍ പാടില്ല. ഇവര്‍ ആശുപത്രിയിലേക്കല്ലാതെ മറ്റൊരിടത്തേക്കും യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

മറ്റ് യാത്രകള്‍ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി വാങ്ങണം. രോഗം പടരാന്‍ സാധ്യതയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗബാധ മറച്ചുവെക്കുകയോ രോഗം പടരാനുള്ള സാഹചര്യം മനഃപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാക്കുകയും ചെയ്യരുത്. രോഗം പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ പാലിക്കണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ച നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *